സംസ്ഥാനം ലഹരി മാഫിയയുടെ പിടിയില്‍: മോണ്‍ യൂജിന്‍. എച്ച് പെരേര

സംസ്ഥാനം ലഹരി മാഫിയയുടെ പിടിയില്‍: മോണ്‍ യൂജിന്‍. എച്ച് പെരേര

തിരുവനന്തപുരം: സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിലാണെന്ന് ലത്തീന്‍ തിരുവനന്തപുരം അതിരൂപതാ വികാരി ജനറാള്‍.മോണ്‍. യൂജിന്‍.എച്ച് പെരേര. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കേരളാ ലത്തീന്‍ കത്തോലിക്കാ വനിതാ അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ നേതൃത്വത്തില്‍ വിവിധ ലഹരി മാഫിയകളുടെ ഭാഗമായി കേരളം മാറും. ലഹരിക്കടിമയായ വ്യക്തി ദിവസങ്ങള്‍ക്കു മുമ്പാണ് കൊട്ടാരക്കരയില്‍ യുവഡോക്ടറെ കൊലപ്പെടുത്തിയത്. ഏറെ ആശങ്കയാണ് ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധ ധര്‍ണ കെ.എല്‍.സി.ഡബ്ല്യൂ.എ സംസ്ഥാന സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മകളെ നഷ്ടപ്പെട്ട കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ഒരു സംഘടിത ശക്തിയായി മാറണമെന്നും കെ.എല്‍.സി.ഡബ്ല്യൂ.എ തിരുവനന്തപുരം അതിരൂപതാ പ്രസിഡന്റ് ജോളി പത്രോസ് പറഞ്ഞു. തിരുവനന്തപുരം അതിരൂപതാ സെക്രട്ടറി ഷേര്‍ളി ജോണി, ഷീബ ജസ്റ്റിന്‍, കെ.എല്‍.സി.എ. തിരുവനന്തപുരം അതിരൂപതാ പ്രസിഡന്റ് പാട്രിക് മൈക്കള്‍, കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപതാ വൈസ് പ്രസിഡന്റ് പ്രീതി തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26