ക്രൈസ്തവരെ കൈയ്യിലെടുത്ത് കേരളം പിടിക്കാന്‍ ബിജെപി

ക്രൈസ്തവരെ കൈയ്യിലെടുത്ത് കേരളം പിടിക്കാന്‍ ബിജെപി

കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം അരക്കിട്ടുറപ്പിച്ച ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി വരുതിയിലാക്കാനുള്ള കഠിന ശ്രമം നടത്തുന്ന ബിജെപി കേരളത്തില്‍ അധികാരം പിടിക്കാന്‍ ക്രൈസ്തവ സമുദായങ്ങള്‍ അടക്കമുള്ള ന്യൂന പക്ഷങ്ങളെ സ്വാധീനിക്കാന്‍ ഊര്‍ജിത നീക്കമാരംഭിച്ചു.

ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ പൊതുവേ അവഗണിക്കപ്പെടുന്നു എന്ന വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തി സമുദായത്തെ കൂടെ നിര്‍ത്തുക എന്നതാണ് ബിജെപിയുടെ അജണ്ട. ന്യൂന പക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളില്‍ 80 ശതമാനവും മുസ്ലീം വിഭാഗങ്ങള്‍ക്ക് നല്‍കുന്നു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് ലൗ ജിഹാദ് നടത്തുന്നു എന്നീ വിഷയങ്ങള്‍ സഭാ നേതൃത്വം ബിജെപി കേന്ദ്ര നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

മാത്രമല്ല, കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ക്രൈസ്തവ സമുദായങ്ങളെക്കാള്‍ മുസ്ലീം വിഭാഗങ്ങളോടാണ് കൂടുതല്‍ മമത പുലര്‍ത്തുന്നതെന്ന ആക്ഷേപം വിശ്വാസികള്‍ക്കിടയിലുമുണ്ട്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തെ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ എതിര്‍ത്തപ്പോള്‍ അതിനെ പ്രതിരോധിക്കാതെ മൗനം പാലിച്ച കോണ്‍ഗ്രസ് കേരളത്തില്‍ മുസ്ലീം ലീഗിന്റെ തടവറയിലാണന്നും വിലയിരുത്തലുണ്ട്.

അതൃപ്തിയുടെ ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. മാത്രമല്ല, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പദവി അടക്കം ചില ഓഫറുകളും മുന്നോട്ട് വച്ചിട്ടുണ്ട്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെപി കേരളത്തില്‍ ലക്ഷ്യം വെയക്കുന്നത്. നിലവില്‍ ഒരു എംഎല്‍എ മാത്രമാണ് പാര്‍ട്ടിക്കുള്ളത്. അടുത്ത തിരഞ്ഞെടുപ്പോടെ അഞ്ച് ജില്ലകളിലാണ് ബിജെപി മുന്നേറ്റം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലൊന്നും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് പാര്‍ട്ടിയ്ക്കറിയാം.

ഇതിനായി ക്രൈസ്തവരെ കൂടാതെ മുസ്ലീംകളിലെ കുറച്ചു പേരെയെങ്കിലും ഒപ്പം നിര്‍ത്താനും ബിജെപി ശ്രമം നടത്തുന്നുണ്ട്. എ.പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനായി നിയമിച്ച് ചില മുസ്ലീം നേതാക്കളെ ബിജെപി പാര്‍ട്ടിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ മുസ്ലീം വിഭാഗത്തെ സ്വാധീനിക്കുക അത്ര എളുപ്പമല്ലെന്ന് ബിജെപി നേതാക്കള്‍ക്കറിയാം.

അതിനാലാണ് കേരളത്തില്‍ 27 ശതമാനമുള്ള മുസ്ലീംകളെക്കാള്‍ 19 ശതമാനമുള്ള ക്രിസ്ത്യാനികളെ പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. മാത്രമല്ല, മലപ്പുറം ജില്ലയില്‍ മഹാ ഭൂരിപക്ഷവും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സാമാന്യ സ്വാധീനവും ഒഴിച്ചാല്‍ മറ്റ് ജില്ലകളില്‍ മുസ്ലീം വിഭാഗത്തിന് അത്ര വലിയ ശക്തിയില്ലെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു.

എന്നാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മധ്യ കേരളത്തിലെ അപ്രമാദിത്വവും കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സാന്നിധ്യവും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണന്നും ബിജെപി നേതൃത്വത്തിന് ബോധ്യമായിട്ടുള്ളതാണ്.

മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള എഴുതിയ 'ജസ്റ്റിസ് ഫോര്‍ ഓള്‍, പ്രെജുഡിസ് ടു നണ്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്ഷണിച്ചതും പുതിയ നീക്കങ്ങളുടെ ഭാഗമായി വിലയിരുത്താവുന്നതാണ്.

എന്തായാലും ഗോവ സ്‌റ്റൈലില്‍ ക്രൈസ്തവ സമുദായങ്ങളെ പ്രീണിപ്പിച്ച് കേരളത്തില്‍ അധികാരത്തിലെത്താമെന്ന ബിജെപിയുടെ സ്വപ്‌നം പൂവണിയുമോ എന്ന് കാത്തിരുന്നു കാണാം.

ജെ.ജെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.