കര്‍ണാടകയില്‍ കീറാമുട്ടിയായി മുഖ്യമന്ത്രി നിര്‍ണയം: ശിവകുമാര്‍ ഇടഞ്ഞുതന്നെ; സോണിയാ ഗാന്ധി ഇടപെടുന്നു

കര്‍ണാടകയില്‍ കീറാമുട്ടിയായി മുഖ്യമന്ത്രി നിര്‍ണയം: ശിവകുമാര്‍ ഇടഞ്ഞുതന്നെ; സോണിയാ ഗാന്ധി ഇടപെടുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള ശ്രമങ്ങള്‍ 'കീറാമുട്ടി'യായി തുടരുന്നു. സിദ്ധരാമയ്യയെ ആദ്യ രണ്ടു വര്‍ഷം മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ് പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തില്‍ ഇന്ന് അനുനയ ചര്‍ച്ചകള്‍ ഉണ്ടാകും.

ആദ്യ രണ്ട് വര്‍ഷം ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്കൊപ്പം ഉപമുഖ്യമന്ത്രി പദവും അടുത്ത മൂന്ന് വര്‍ഷം മുഖ്യമന്ത്രി പദവുമാണ് ശിവകുമാറിനുള്ള ഹൈക്കമാന്‍ഡ് വാഗ്ദാനം. മുതിര്‍ന്ന നേതാക്കളായ എം.ബി. പാട്ടീല്‍, ജി. പരമേശ്വര എന്നിവരെ ഒഴിവാക്കി ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവും ഉണ്ടെന്ന് അറിയുന്നു. ഇത് സമ്മതിപ്പിച്ച് തീരുമാനങ്ങള്‍ ബംഗളുരുവില്‍ പ്രഖ്യാപിക്കാനാണ് നീക്കം.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ സിദ്ധരാമയ്യയുടെ ക്‌ളീന്‍ ഇമേജ് പാര്‍ട്ടിക്ക് ആവശ്യമാണെന്നും അഴിമതി ആരോപണം നേരിടുന്നതിനാല്‍ മാറി നില്‍ക്കണമെന്നുമുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തോട് ശിവകുമാര്‍ പ്രതികരിച്ചിട്ടില്ല. സിദ്ധരാമയ്യയ്ക്ക് 85 എംഎല്‍എമാരുടെ പിന്തുണയുള്ളതും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടി. വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ഡി.കെ. ശിവകുമാര്‍ ആദ്യ ടേമിലെ മുഖ്യമന്ത്രി പദമാണ് ആവശ്യപ്പെടുന്നത്.

എന്നാല്‍ ഖാര്‍ഗെയുടെ വസതിയില്‍ നീണ്ട ചര്‍ച്ചകള്‍ അവസാനിച്ചത് സിദ്ധരാമയ്യയെ ആദ്യടേമില്‍ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തോടെയാണ്. ശിവകുമാറിനെ ഡല്‍ഹിയിലെത്തിച്ച് കാര്യങ്ങള്‍ ധരിപ്പിക്കാനും തീരുമാനിച്ചു. തുടര്‍ന്ന് സോണിയാ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് ശിവകുമാര്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയത്. ഉച്ചയ്ക്ക് ഖാര്‍ഗെയുടെ വസതിയിലെത്തിയ രാഹുല്‍ ഗാന്ധി അടച്ചിട്ട മുറിയില്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷം മടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.