'പിസിസി പ്രസിഡന്റ്, ഉപമുഖ്യമന്ത്രി, ആറ് പ്രധാന വകുപ്പുകള്‍, രണ്ടാം ടേമില്‍ മുഖ്യമന്ത്രി'; ഹൈക്കമാന്‍ഡിന്റെ വന്‍ ഓഫറിലും വഴങ്ങാതെ ഡി.കെ

 'പിസിസി പ്രസിഡന്റ്, ഉപമുഖ്യമന്ത്രി, ആറ് പ്രധാന വകുപ്പുകള്‍, രണ്ടാം ടേമില്‍ മുഖ്യമന്ത്രി'; ഹൈക്കമാന്‍ഡിന്റെ വന്‍ ഓഫറിലും വഴങ്ങാതെ ഡി.കെ

ബംഗളൂരു: കര്‍ണാടകയിലെ പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അവസാന നിമിഷം ഡി.കെ ശിവകുമാറിന് മുന്നില്‍ വച്ചത് ഗംഭീര ഓഫര്‍.

പിസിസി പ്രസിഡന്റ് പദവി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഉപമുഖ്യമന്ത്രി സ്ഥാനം, ആറ് പ്രധാന വകുപ്പുകള്‍ എന്നിവയായിരുന്നു ഓഫര്‍. സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താനായി ഒന്നിലേറെ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന സൂചനയും നല്‍കിയിരുന്നു.

എന്നാല്‍ ഒന്നിലേറെ മുഖ്യമന്ത്രി എന്ന വ്യവസ്ഥ ഡി.കെ തള്ളുകയായിരുന്നു. ഒരു ഉപമുഖ്യമന്ത്രി ആണെങ്കില്‍ മാത്രമേ സ്വീകരിക്കൂ എന്ന നിലപാടിലാണ് അദേഹം. കൂടാതെ ആഭ്യന്തരം വേണമെന്നും രണ്ട് വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറും എന്ന് പരസ്യമായി തന്നെ പ്രഖ്യാപിക്കുകയും വേണമെന്ന ആവശ്യവും ഡി.കെ ഉന്നയിച്ചതായാണ് സൂചന.

ഫലം വന്ന് നാല് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ പോരടിക്കുന്നത് മിന്നുന്ന വിജയത്തിന്റെ ശോഭ കെടുത്തുന്നു എന്ന അഭിപ്രായം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു.

ടേം വ്യവസ്ഥയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ആദ്യം പുറത്തു വന്നത്. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി.കെ ശിവകുമാറും എന്നതായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഫോര്‍മുല. എന്നാല്‍ ഡി.കെ ശിവകുമാര്‍ ഈ നിര്‍ദേശം തള്ളിയതോടെയാണ് ഹൈക്കമാന്‍ഡ് കൂടുതല്‍ ഓഫര്‍ മുന്നോട്ട് വച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.