അനധികൃത സ്വത്ത് സമ്പാദന കേസ്: ശിവകുമാറിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റി

അനധികൃത സ്വത്ത് സമ്പാദന കേസ്: ശിവകുമാറിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റി

ബംഗളൂരു: വന്‍ വിജയത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ കുടുക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ജൂലൈ 14 ലേക്ക് മാറ്റി.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ നടപടികള്‍ തടഞ്ഞ് കഴിഞ്ഞ ഫെബ്രുവരി 10 ന് ഹൈക്കോടതി ശിവകുമാറിന് സ്റ്റേ അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് മെയ് 23ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്ന് ശിവകുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടിയതോടെയാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജി മാറ്റിവെച്ചത്.

ആദായ നികുതി വകുപ്പ് 2017 ല്‍ ശിവകുമാറിനെ ലക്ഷ്യമിട്ട് പരിശോധന നടത്തിയിരുന്നു. ആദായ നികുതി വകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശിവകുമാറിനെതിരെ കേസെടുത്തു. 2020 ഒക്ടോബര്‍ മൂന്നിന് ശിവകുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം സിബിഐയും കേസെടുത്തു.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കേസില്‍ സിബിഐ തുടര്‍ച്ചയായി നോട്ടീസ് അയച്ചു. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ നോട്ടീസ് അയക്കുന്നത് തിരഞ്ഞെടുപ്പില്‍ തന്നെ മാനസികമായി സമ്മര്‍ദത്തിലാക്കാനുള്ള സിബിഐ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ശിവകുമാറിന് അനുകൂലമായി സ്റ്റേ വിധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.