തകര്‍ന്നടിഞ്ഞ് റയല്‍; ചാമ്പ്യന്‍സ് ലീഗില്‍ സിറ്റി ഫൈനലില്‍: അന്തിമ പോരാട്ടം ഇന്റര്‍ മിലാനുമായി

തകര്‍ന്നടിഞ്ഞ് റയല്‍; ചാമ്പ്യന്‍സ് ലീഗില്‍ സിറ്റി ഫൈനലില്‍: അന്തിമ പോരാട്ടം ഇന്റര്‍ മിലാനുമായി

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തേരോട്ടം കിരീടത്തിലേക്ക്. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ നടന്ന രണ്ടാംപാദ മത്സരത്തില്‍ മുന്‍ കിരീട നേട്ടക്കാരായ റയല്‍ മാന്‍ഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് നിലം പരിശാക്കി സിറ്റി ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിലുടനീളം അധിപത്യം പുലര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റി, പോര്‍ച്ചുഗല്‍ താരം ബര്‍ണാര്‍ഡോ സില്‍വയുടെ ഇരട്ട ഗോളിലാണ് വിജയം സ്വന്തമാക്കിയത്. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ജൂണ്‍ പത്തിന് നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ സിറ്റി നേരിടും.


കഴിഞ്ഞയാഴ്ച നടന്ന ആദ്യപാദത്തില്‍ റയലിനെ അവരുടെ തട്ടകത്തില്‍ 1-1 സമനിലയില്‍ തളച്ച മാഞ്ചസ്റ്റര്‍ സിറ്റി ഹോം ഗ്രൗണ്ടില്‍ ടിക്കി ടാക്ക കേളീ ശൈലിയിലൂടെ റയലിനെ വരിഞ്ഞ് മുറുക്കിയാണ് അര്‍ഹിച്ച ജയം സ്വന്തമാക്കിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിന്റെ രണ്ട് മികച്ച ഗോള്‍ ശ്രമങ്ങള്‍ റയല്‍ കീപ്പര്‍ തിബോ കോര്‍ട്വ വിഫലമാക്കിയെങ്കിലും 23-ാം മിനിട്ടില്‍ കെവിന്‍ ഡിബ്രുയ്ന നല്‍കിയ പാസില്‍ നിന്ന് ബര്‍ണാര്‍ഡോ സില്‍വ മികച്ചൊരു ഫിനിഷിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു. 37-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്നു ലഭിച്ച പന്തില്‍ കൃത്യതയാര്‍ന്ന ഹെഡര്‍ തിര്‍ത്ത് ബെര്‍ണാര്‍ഡോ ലീഡ് വീണ്ടും ഉയര്‍ത്തി.

സിറ്റിയുടെ ഇടതടവില്ലാത്ത മുന്നേറ്റത്തിന് മുന്നില്‍ വെറും പ്രതിരോധക്കാരായി മാറിയ റയലിന് ആദ്യ പകുതിയില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാനായില്ല. രണ്ട് ഗോളുകള്‍ വഴങ്ങിയ ഒന്നാം പകുതിക്ക് ശേഷമാണ് ചെറിയ തോതിലെങ്കിലും ആക്രമണത്തിന് റയല്‍ മുതിര്‍ന്നത്. ലുക്കാ മോഡ്രിച്ച് നിറം മങ്ങിയതോടെ മധ്യനിരയില്‍ നിന്ന് കാര്യമായ സംഭാവനകളൊന്നും മുന്നേറ്റത്തിനുണ്ടായില്ല. പലപ്പോഴും സ്‌ട്രൈക്കര്‍ പൊസിഷനില്‍ നിന്ന് കരീം ബെന്‍സിമ മധ്യനിരയിലേക്ക് ഇറങ്ങി കളിക്കേണ്ടിയും വന്നു.

എന്നാല്‍ 76-ാം മിനിട്ടില്‍ ഡിബ്രുയ്ന എടുത്ത ഫ്രീകിക്കിനിടെ റയല്‍ ഡിഫന്റര്‍ എഡര്‍ മിലിറ്റാവോ സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ സിറ്റിയുടെ സ്‌കോര്‍ മൂന്നിലേക്ക് ഉയര്‍ന്നു. കഠിനാധ്വാനം ചെയ്തിട്ടും ഗോള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന എര്‍ലിങ് ഹാളണ്ടിന് പകരം 89-ാം മിനിറ്റില്‍ കളത്തിലിറക്കിയ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ യൂലിയന്‍ അല്‍വാരസ് രണ്ടാം പകുതിയുടെ അധിക സമയത്ത് റയലിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സിറ്റി വിജയം സ്വന്തമാക്കി.

മിലാന്‍ നഗരത്തിലെ ചിരവൈരികളായ എസി മിലാനെ രണ്ട് പാദങ്ങളിലായി 3-0 ന് കീഴടക്കിയാണ് ഇന്റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ യോഗ്യത നേടിയത്. ഒരു പതിറ്റാണ്ട് മുമ്പ് ജോസെ മൗറിഞ്ഞോയുടെ കീഴില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായതിനു ശേഷമുള്ള ഇന്ററിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.