മുഖ്യമന്ത്രിയുടെ നീന്തല്‍കുളം നവീകരണം: മൂന്നാം ഘട്ട പരിപാലനത്തിനായി 3.84 ലക്ഷം രൂപ; നവീകരണ ചുമതല ഊരാലുങ്കലിന്

മുഖ്യമന്ത്രിയുടെ നീന്തല്‍കുളം നവീകരണം: മൂന്നാം ഘട്ട പരിപാലനത്തിനായി 3.84 ലക്ഷം രൂപ; നവീകരണ ചുമതല ഊരാലുങ്കലിന്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. മൂന്നാം ഘട്ടം പരിപാലനത്തിനായി 3.84 ലക്ഷം രൂപയാണ് നല്‍കുന്നത്. തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കി. ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നവീകരണ ചുമതല.

ഓരോ വര്‍ഷവും നീന്തല്‍കുളത്തിന്റെ പരിപാലനം എന്ന പേരില്‍ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെയാണ് നീന്തല്‍കുളം നവീകരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ അനുവദിച്ചത് 2,28,330 രൂപയായിരുന്നു. രണ്ടാം ഘട്ട വാര്‍ഷിക പരിപാലനത്തിന് 3,84,356 രൂപയും നല്‍കി. മൂന്നും നാലം ഘട്ടത്തിലായി 3,84,356 രൂപ വീതമാണ് നവീകരണത്തിന് നല്‍കിയത്. മുഖ്യമന്ത്രിയുടെ നീന്തല്‍കുള വാര്‍ഷിക പരിപാലനത്തിന് മാത്രം ചെലവായത് 12 ലക്ഷത്തിലധികം രൂപയാണ്.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും ഔദ്യോഗിക വസതിയിലെ ചെലവുകള്‍ക്കുമായി ലക്ഷങ്ങളാണ് ഖജനാവില്‍ നിന്ന് ചെലവാക്കുന്നത്. അടുത്തിടെയാണ് സെക്രട്ടറിയേറ്റിലെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും മോടിപിടിപ്പിക്കുന്നതിനായി കോടികള്‍ ചെലവാക്കിയത്.

2.11 കോടി രൂപയാണ് നവീകരണത്തിന്റെ പേരില്‍ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും ചേബറും നവീകരിക്കാന്‍ 60.46 ലക്ഷം രൂപ, ഇന്റീരിയര്‍ ജോലികള്‍ക്ക് 12.18 ലക്ഷം ഫര്‍ണിച്ചറിന് 17.42 ലക്ഷവും അനുവദിച്ചു.

മുഖ്യമന്ത്രിയുടെ നെയിം ബോര്‍ഡ്, എബ്ലം, ഫ്‌ളാഗ് പോള്‍സ് എന്നിവ തയ്യാറാക്കുന്നതിന് 1.56 ലക്ഷം രൂപയാണ് ചെലവ്. ശുചിമുറിയ്ക്കും റെസ്റ്റ് റൂമിനും 1.72 ലക്ഷവും പ്രത്യേക ഡിസൈനിലുള്ള ഫ്‌ളാഷ് ഡോറിന് 1.85 ലക്ഷവും ചെലവഴിക്കും. സോഫാ ലോഞ്ച് 92,920 രൂപ, ഇലക്ട്രിക്കല്‍ ജോലി- 4.70 ലക്ഷം, എസി- 11.55 ലക്ഷം, അഗ്നിശമന സംവിധാനം- 1.26 ലക്ഷം എന്നിങ്ങനെ ആകെ 60.46 ലക്ഷം രൂപയാണ് അനുവദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.