വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യ ജീവനെടുക്കുന്നതു കേരളത്തിന് അപമാനകരം: മാര്‍ ജോര്‍ജ് ആലഞ്ചേരി

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യ ജീവനെടുക്കുന്നതു കേരളത്തിന് അപമാനകരം: മാര്‍ ജോര്‍ജ് ആലഞ്ചേരി

തുച്ഛമായ സാമ്പത്തിക സഹായ പ്രഖ്യാപനങ്ങള്‍ക്കുമപ്പുറം ആവശ്യമായ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കൊച്ചി: വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊലപ്പെടുത്തുന്നതും പരിക്കേല്‍പ്പിക്കുന്നതുമായ സംഭവങ്ങള്‍ കേരളത്തിന് അപമാനകരമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇത്തരം സാഹചര്യങ്ങളില്‍ പതിവായി നടത്തുന്ന പ്രസ്താവനകള്‍ക്കും തുച്ഛമായ സാമ്പത്തിക സഹായ പ്രഖ്യാപനങ്ങള്‍ക്കപ്പുറം ആവശ്യമായ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

എരുമേലി കണമല പ്രദേശത്തു കര്‍ഷകനായ പ്ലാവനാക്കുഴിയില്‍ തോമസിനെ റബര്‍ തോട്ടത്തില്‍ വച്ചും പുറത്തേല്‍ ചാക്കോച്ചനെ വീടിന്റെ വരാന്തയില്‍ വച്ചുമാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇതേസമയം തന്നെ, കൊല്ലം അഞ്ചലില്‍ പ്രവാസിയായ സാമുവല്‍ വര്‍ഗീസിനെയും കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തി. ഈ ദിവസം തന്നെയാണ് മൂന്നു പേരും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണമടഞ്ഞത്.

സമാനമായ സംഭവങ്ങള്‍ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് തികച്ചും അപമാനമാണ്. മനുഷ്യനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും മനുഷ്യ ജീവന്‍ സംരക്ഷിക്കാനുമുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുമാണ്. ഇക്കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പുലര്‍ത്തുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്നും വന്യമൃഗങ്ങള്‍ക്കു കൊടുക്കുന്ന പരിഗണനയും നിയമപരിരക്ഷയും സംരക്ഷണവും മനുഷ്യര്‍ക്കു നിഷേധിക്കുന്നതു ന്യായീകരിക്കാനാവാത്തതാണെന്നും പറഞ്ഞു.

വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ എണ്ണത്തിലുള്ള അപകടകരമായ വര്‍ധനവ് നിയന്ത്രിക്കുന്നതിനും മറ്റു വികസിത രാജ്യങ്ങളില്‍ എടുത്തിരിക്കുന്ന നിയമനടപടികള്‍ നമ്മുടെ രാജ്യത്തിനും മാതൃകയാകേണ്ടതാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുകയും മരണമടഞ്ഞവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയുംചെയ്യുനെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.