വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് തലസ്ഥാനമായ വെല്ലിങ്ടണിലെ ലോഫേഴ്‌സ് ലോഡ്ജ് ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി സാധ്യത വെളിപ്പെടുത്തി പോലീസ്. സംഭവത്തില്‍ 48 വയസുകാരനായ ഒരാളെ അറസ്റ്റ് ചെയ്തു. തീവയ്പ്പിന് ഇയാള്‍ക്കെതിരേ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു.
വെല്ലിങ്ടണ്‍ ജില്ലാ കോടതിയില്‍ വെള്ളിയാഴ്ച പ്രതിയെ ഹാജരാക്കി. പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തീപിടിത്തവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ഡിയോണ്‍ ബെന്നറ്റ് വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ഹോസ്റ്റലില്‍ തിങ്കളാഴ്ച അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ എട്ടു പേരാണ് ദാരുണമായി മരിച്ചത്. കാണാതായവരുടെ എണ്ണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. അന്തിമ മരണസംഖ്യ സംബന്ധിച്ച സ്ഥിരീകരണത്തിന് ദിവസങ്ങളെടുക്കുമെന്ന് പോലീസ് പറഞ്ഞു.
92 മുറികളുള്ള ഹോസ്റ്റലില്‍ തൊണ്ണൂറിനു മുകളില്‍ ആളുകള്‍ താമസിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും ദരിദ്രരും അംഗപരിമിതരും ആശുപത്രി ജീവനക്കാരുമൊക്കെയാണ്. മേല്‍ക്കൂര തകര്‍ന്നത് ഉള്‍പ്പെടെയുള്ള വലിയ കേടുപാടുകള്‍ കാരണം കെട്ടിടത്തിനുള്ളില്‍ സമഗ്രമായ തിരച്ചില്‍ നടത്താന്‍ അധികൃതര്‍ക്ക് ഇതുവരെ സാധ്യമായിട്ടില്ല,
തീപിടിത്തത്തിന് ശേഷം ന്യൂസിലന്‍ഡിലെ ഏറ്റവും ദരിദ്രരായ ആളുകള്‍ ഉപയോഗിക്കുന്ന ബോര്‍ഡിംഗ് ഹൗസുകളുടെയും മറ്റ് താമസ സൗകര്യങ്ങളുടെയും നിലവാരത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ ഭവന മന്ത്രി മേഗന്‍ വുഡ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു.
'ന്യൂസിലന്‍ഡിലെ കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഭവന മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവസ്ഥലത്ത് 33 ട്രക്കുകളും 80 അഗ്‌നിശമന സേനാംഗങ്ങളും എത്തിയാണ് തീയണച്ചത്. രാജ്യത്തെ അഗ്‌നിശമന സേനാംഗങ്ങളുടെ എണ്ണം പരിമിതമാണെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയരുന്നുണ്ട്.
ഉയര്‍ന്ന വാടകയും കുതിച്ചുയരുന്ന വീടുകളുടെ വിലയും സാമൂഹിക ഭവനങ്ങളുടെ ദൗര്‍ലഭ്യവും മൂലം രാജ്യത്ത് ഭവന പ്രതിസന്ധി നേരിടുന്നതായി ബി.ബി.സി അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.