അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി ആദ്യ മന്ത്രിസഭാ യോഗം; വിധാന്‍ സഭയുടെ പടികളില്‍ ചുംബിക്കുന്ന ഡികെയുടെ വീഡിയോ വൈറല്‍

അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി ആദ്യ മന്ത്രിസഭാ യോഗം; വിധാന്‍ സഭയുടെ പടികളില്‍ ചുംബിക്കുന്ന ഡികെയുടെ വീഡിയോ വൈറല്‍

ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറിയ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്ന ഗൃഹ ജ്യോതി, എല്ലാ കുടുംബനാഥകള്‍ക്കും മാസംതോറും 2000 രൂപ നല്‍കുന്ന ഗൃഹ ലക്ഷ്മി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10 കിലോ സൗജന്യ അരി നല്‍കുന്ന അന്ന ഭാഗ്യ, ബിരുദധാരികളായ യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് മാസംതോറും 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നീ പ്രഖ്യാപനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. 

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത ഏഴ് മന്ത്രിമാരും ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ അടുത്ത മന്ത്രിസഭാ യോഗം വിളിക്കുമെന്നും തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സിദ്ധരാമയ്യ അറിയിച്ചു. 

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ വിധാന്‍ സഭയിലേക്കുള്ള പടികളില്‍ കുമ്പിട്ട് ചുംബിച്ച് കയറുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീഡിയോ ഇതിനോടകം വൈറലായി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സിദ്ധരാമയ്യയ്‌ക്കൊപ്പം വിധാന്‍ സഭയിലെത്തിയ ശിവകുമാര്‍ സഭയിലേക്ക് പ്രവേശിക്കും മുമ്പാണ് അപ്രതീക്ഷിതമായി പടികളില്‍ ചുംബിച്ചത്.

സിദ്ധരാമയ്യ തൊട്ടുമുന്നില്‍ പടികള്‍ കയറി പോയതിന് ശേഷമായിരുന്നു ശിവകുമാറിന്റെ പ്രകടനം. വിധാന്‍ സഭയിലേക്ക് എത്തിയ ശിവകുമാര്‍ പടി കയറുന്നതിന് മുമ്പ് ഒരു നിമിഷം നിന്ന ശേഷം പടികളില്‍ മുട്ടുകുത്തി കുനിഞ്ഞ് ചുംബിക്കുകയായിരുന്നു. വിധാന്‍ സഭയ്ക്ക് മുന്നില്‍ കുമ്പിട്ടു വണങ്ങുന്ന ചിത്രം ശിവകുമാര്‍ പിന്നീട് ട്വിറ്ററിലും പങ്കുവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.