രാജീവ് ഗാന്ധി ഭരണവര്‍ഗ പ്രതികാരത്തിന്റെ രക്തസാക്ഷി: കെ.സുധാകരന്‍

രാജീവ് ഗാന്ധി ഭരണവര്‍ഗ പ്രതികാരത്തിന്റെ രക്തസാക്ഷി: കെ.സുധാകരന്‍

തിരുവനന്തപുരം: ഭരണവര്‍ഗ പ്രതികാരത്തിന്റെ രക്തസാക്ഷിയാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കെപിസിസി ആസ്ഥാനത്ത് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഭീകര പ്രസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവുമധികം ഭീഷണി നേരിട്ടുകൊണ്ടിരുന്ന രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ എസ്പിജി സംരക്ഷണം എടുത്തുകളഞ്ഞതാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഭരണവര്‍ഗം അത്തരം ഒരു നടപടി സ്വീകരിച്ചത് എന്തിനായിരുന്നു എന്ന് ഇപ്പോഴും വ്യക്തമല്ല. ബിജെപി പിന്തുണയോടെ അന്ന് അധികാരത്തിലിരുന്ന വി.പി സിങ് സര്‍ക്കാരിനും ബിജെപിക്കും ഈ പാപക്കറ മായിച്ചു കളയാനാകുമോയെന്നും സുധാകരന്‍ ചോദിച്ചു.

സഹജീവികളോടും കഷ്ടത അനുഭവിക്കുന്ന പാവങ്ങളായ സാധരണക്കാരോടും കരുണയും അനുകമ്പയും വെച്ചുപുലര്‍ത്തിയ നേതാവാണ്. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി അദ്ദേഹം വധിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെത്തിയപ്പോള്‍ സിപിഎം കൊലപ്പെടുത്തിയ വസന്തന്‍ കാപ്പാടിന്റെ മാതാവ് അവരുടെ സാമ്പത്തിക പ്രയാസം രാജീവ് ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അദ്ദേഹം വധിക്കപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ആ അമ്മയ്ക്കുള്ള സാമ്പത്തിക സഹായം അനുവദിച്ച് കൊണ്ട് അറിയിപ്പ് വന്നിരുന്നതായി സുധാകരന്‍ പറഞ്ഞു.

സാമ്പത്തിക രംഗത്ത് ഉദാരവല്‍കരണം നടപ്പാക്കിയതും ടെലികോം-ഡിജിറ്റല്‍ വിപ്ലവം, പഞ്ചായത്ത് നഗരപാലിക ബില്ല്, തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നടപ്പാക്കിയത് ഉള്‍പ്പടെയെല്ലാം രാജീവ് ഗാന്ധിയുടെ വികസന കാഴ്ചപാടിന്റെ ഭാഗമായിട്ടുണ്ടായതാണ്.

രാജ്യത്ത് സമാധാനവും ഐക്യവും കൊണ്ടുവരാന്‍ അക്ഷീണം പ്രയത്നിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. അധികാര രാഷ്ട്രീയത്തേക്കാള്‍ അദ്ദേഹം മുന്‍ഗണന നല്‍കിയത് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിനും സമാധാനത്തിനുമാണ്. ദേശസ്നേഹം വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും പ്രകടിപ്പിച്ച അദ്ദേഹം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപ അന്തരീക്ഷം ഇല്ലാതാക്കാന്‍ നടത്തിയ ഇടപെടലുകള്‍ മാതൃകാപരമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ഭീകരവിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.