കൊച്ചി: നിശബ്ദരാക്കാന്‍ നോക്കേണ്ടാ, ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ. വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് അനേകം ആളുകള്‍ പ്രതികരിക്കുന്നു. ഈ വിഷയത്തെ സര്‍ക്കാര്‍ കുറച്ചു കൂടി ഗൗരവകരമായി കാണണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഒരു പൊതു വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ കാണിക്കേണ്ട ജാഗ്രത ഉണ്ട്. പൊതു സമൂഹത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമുള്ള ജനതയുടെ സ്വാതന്ത്ര്യത്തെ പറ്റിയും ബാവ പറഞ്ഞു.
വന്യജീവികളുടെ അക്രമണത്തെ ഫലപ്രദമായി എങ്ങനെയാണ് നിരായുധരായ പ്രത്യേകിച്ച് വനത്തോട് അടുത്തുള്ള സ്ഥലത്ത് താമസിക്കുന്ന ആളുകള്‍ നേരിടുക? ഇതില്‍ ആരും അക്ഷമരാകേണ്ട കാര്യമില്ല. ഇത് സംസ്ഥാന സര്‍ക്കാരിനോട് ഇവിടുത്തെ ഒരു പൊതു ആവശ്യം ഉണര്‍ത്തി എന്നുള്ളതില്‍ പ്രതിഷേധമോ അസ്വസ്തതയോ പ്രകടിപ്പിക്കേണ്ട കാര്യമില്ല.
ബന്ധപ്പെട്ട അധികാരികള്‍ ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ പക്വമായ നടപടികള്‍ അവസരോചിതമായി സ്വീകരിക്കേണ്ടതിന് പകരം ഇപ്രകാരമുള്ള അഭിപ്രായങ്ങള്‍ നിഷ്പക്ഷമായും ജനങ്ങള്‍ക്ക് വേണ്ടിയും സംസാരിക്കുന്നവരെ അങ്ങനെ ഭയപ്പെടുത്തി നിശബ്ദരാക്കാം എന്ന് ഒരു വകുപ്പും ഒരു ഭരണാധികാരിയും വിചാരിക്കേണ്ടതുമില്ല.
ജനങ്ങളുടെ ധാര്‍മ്മികമായ ഒരാവശ്യം മുമ്പോട്ട് വെക്കുമ്പോള്‍ അതിന്റെ പിറകിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് തിരിച്ചറിയലാണ് പക്വതയുടെ ലക്ഷണം. ഈ വന്യമൃഗങ്ങളുടെ ആക്രമണമേറ്റ് മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് നമ്മുടെ ഈ ചര്‍ച്ചകളെക്കാള്‍ അപ്പുറത്ത് ചില പ്രതിവിധികള്‍ ഉണ്ട്.
ഇനി ഇതാവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കണം. അതിന് പകരം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചവരെയെല്ലാം അവര്‍ അഭിപ്രായങ്ങള്‍ ഒന്നും പറഞ്ഞു കൂടാ എന്ന നിലപാടില്‍ അല്ല നാം അവലംബിക്കേണ്ടത്. ഗൗരവകരമായ ഒരു കൂട്ടുത്തരവാദിത്വത്തിന്റെ ആവശ്യകതെയെക്കുറിച്ച് വീണ്ടും വനം വകുപ്പിനെയും സര്‍ക്കാരിനെയും ഓര്‍മ്മപ്പെടുത്തുന്നു.
ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കലാണ് സര്‍ക്കാരിന്റെ പരമപ്രധാനമായ ആവശ്യം. വന്യമൃഗ സംരക്ഷണത്തെക്കാള്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ പ്രാധാന്യം കൊടുക്കുന്നതിനാണ് കെസിബിസി നോക്കി കാണുന്നതെന്നും പ്രസ്താവനയില്‍ കര്‍ദിനാള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.