ആഫ്രിക്കന്‍ രാജ്യങ്ങളുടെ കടബാധ്യത റദ്ദാക്കണമെന്ന് ജി7 രാജ്യങ്ങളോടു സംയുക്ത ആവശ്യവുമായി ബിഷപ്പുമാര്‍

ആഫ്രിക്കന്‍ രാജ്യങ്ങളുടെ കടബാധ്യത റദ്ദാക്കണമെന്ന് ജി7 രാജ്യങ്ങളോടു സംയുക്ത ആവശ്യവുമായി ബിഷപ്പുമാര്‍

ഹിരോഷിമ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ-കാലാവസ്ഥാ പ്രതിസന്ധികള്‍ നാള്‍ക്കുനാള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജി7 വ്യാവസായിക രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ കെത്താങ്ങാവണമെന്ന് 23 ആഫ്രിക്കന്‍ രാജ്യങ്ങളിലെ കാരിത്താസ് സംഘടനകളെ പ്രതിനിധീകരിച്ചുള്ള ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

നിലവില്‍ വാങ്ങിയതും തിരിച്ചടയ്ക്കാന്‍ കഴിയാത്തതുമായ കടം ഒഴിവാക്കാനായി ആഫ്രിക്കന്‍ സമൂഹത്തിനെ ജി7 രാജ്യങ്ങള്‍ സഹായിക്കണമെന്നും ജപ്പാനിലെ ഹിരോഷിമയില്‍ ജി7 ഉച്ചകോടിക്കു മുന്നോടിയായി ബിഷപ്പുമാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആഫ്രിക്കയിലെ പല രാജ്യങ്ങളിലും ദാരിദ്ര്യം അനുദിനം വര്‍ധിക്കുകയാണ്. ഇതിനു പരിഹാരമുണ്ടാവാനുള്ള നടപടികള്‍ ഉണ്ടാവണം. വ്യാവസായിക രാജ്യങ്ങള്‍ പരമാവധി സഹായങ്ങള്‍ നല്കുന്നതോടൊപ്പം നിലവിലുള്ള വ്യാപാര നയങ്ങളില്‍ കൂടുതല്‍ അയവ് വരുത്തണം. കോവിഡ്-19 പ്രതിസന്ധിക്ക് ശേഷം ആഫ്രിക്കയില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചുവരുന്നതായി മെത്രാന്മാര്‍ആശങ്ക പ്രകടിപ്പിച്ചു. കടാശ്വാസവും മനുഷ്യ വികസന ആവശ്യങ്ങളും പുനസ്ഥാപിക്കണമെന്നും എല്ലാ വികസ്വര രാജ്യങ്ങള്‍ക്കും കടാശ്വാസം ലഭ്യമാക്കണമെന്നും മെത്രാന്‍മാര്‍ ആവശ്യമുന്നയിച്ചു.

ലോകത്തെ ഏറ്റവും വികസിത ജനാധിപത്യ രാജ്യങ്ങളായ അമേരിക്ക, കാനഡ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഇംഗ്ലണ്ട് എന്നീ രാഷ്ട്രത്തലവന്‍മാര്‍ക്കു മുന്നിലാണ് മെത്രാന്‍മാര്‍ ഈ ആവശ്യം വെയ്ക്കുന്നത്. ആഫ്രിക്ക ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഒന്നിലധികം പ്രതിസന്ധികളെ നേരിടാന്‍ സഹായിക്കുന്നതിന് വ്യക്തമായ നടപടികള്‍ ആസൂത്രണം ചെയ്യണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.

ഐഎംഎഫിന്റെ കരുതല്‍ നിധിയില്‍ നിന്ന് കോവിഡ് മഹാമാരിയില്‍ നിന്ന് പിടിച്ചു നില്കാനായി 650 ബില്യണ്‍ യുഎസ് ഡോളര്‍ അനുവദിച്ചത് ഏറെ അഭിനന്ദനീയമാമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തപോലെ നിലവിലെ ആഗോള സാമ്പത്തീക നയത്തിലും മാറ്റം വേണമെന്ന ആവശ്യവും മെത്രാന്‍മാര്‍ ജി7 രാജ്യങ്ങള്‍ക്ക് മുന്നില്‍ വെച്ചു. ആഫ്രിക്കയ്ക്കും അതിന്റെ ഭാവി തലമുറകള്‍ക്കും പ്രതീക്ഷയും വാഗ്ദാനവും പുനരുജ്ജീവിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് നടപടി ആവശ്യമാണെന്നും മെത്രാന്‍മാര്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26