26/11 പോലുള്ള ഭീകരാക്രമണത്തിന് കാശ്മീരിലും സാധ്യത: ജി 20 സമ്മേളനത്തിന് കനത്ത സുരക്ഷയൊരുക്കും

 26/11 പോലുള്ള ഭീകരാക്രമണത്തിന് കാശ്മീരിലും സാധ്യത: ജി 20 സമ്മേളനത്തിന് കനത്ത സുരക്ഷയൊരുക്കും

ശ്രീനഗര്‍: ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കശ്മീരിലെ ഗുല്‍മാര്‍ഗില്‍ നടക്കാന്‍ പോകുന്ന ജി 20 സമ്മേളനത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

ഗുല്‍മാര്‍ഗില്‍ 26/11 ലെ പോലുള്ള ഭീകരാക്രമണത്തിന് തീവ്രവാദ സംഘടനകള്‍ ഗൂഢാലോചന നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തൊട്ടാകെ പഴുതില്ലാത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ജമ്മു കാശ്മീരിലെ സുരക്ഷാ സേന ജി 20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് സമ്മേളന യാത്രയില്‍ അവസാന നിമിഷം ചില മാറ്റങ്ങളും വരുത്തി.

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ നിര്‍ദേശ പ്രകാരമാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. അതേസമയം ജി 20 മീറ്റിങിനെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന സംശയാസ്പദമായ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ക്കെതിരെ ജാഗ്രത പാലിക്കണണെന്ന് കാശ്മീര്‍ പൊലീസ് നിര്‍ദേശം നല്‍കി.

സായുധ ഗ്രൂപ്പുകള്‍ക്കും ജമ്മു കാശ്മീരിലെ ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ വിമത പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന 'ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍' (ഒ.ജി.ഡബ്ല്യൂ) ഗ്രൂപ്പില്‍പ്പെട്ട ഫാറൂഖ് അഹമ്മദ് വാനിയില്‍ നിന്നുമാണ് ആക്രമണ സാധ്യത സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ജി 20 ന് മുന്നോടിയായുള്ള പരിശോധനയുടെ ഭാഗമായി ഏപ്രില്‍ അവസാനം സുരക്ഷാ സേന ഫാറൂഖ് അഹമ്മദ് വാനിയെ അറസ്റ്റ് ചെയ്തിരുന്നു.

ബാരാമുള്ള ഹൈഗാം സോപോറിലെ താമസക്കാരനായ വാനി ഗുല്‍മാര്‍ഗിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്നു. ഒ.ജി.ഡബ്ല്യൂ എന്ന നിലയില്‍ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്ന ഇയാള്‍ അതിര്‍ത്തിക്കപ്പുറമുള്ള ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

മുംബൈ ആക്രമണ സമയത്ത് താജ് ഹോട്ടലില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയും താമസക്കാരെ ബന്ദികളാക്കുകയും ചെയ്തതു പോലെ ഹോട്ടലില്‍ കടന്ന് വിദേശ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരെ ബന്ദികളാക്കുക എന്നതാണ് ഭീകരരുടെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ വാനി വെളിപ്പെടുത്തി.

കശ്മീരില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ഒരേസമയം രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ തയ്യാറെടുക്കുകയാണെന്നും ചോദ്യം ചെയ്യലില്‍ വാനി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.