കേരള നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷം: ഉപരാഷ്ട്രപതി ഇന്ന് ഉദ്ഘാടനം ചെയ്യും

കേരള നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷം: ഉപരാഷ്ട്രപതി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്‌‌ദീപ് ധൻകർ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് ചടങ്ങ്.

ജനുവരി ഒമ്പത് മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിക്കും.

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന നിയമസഭ മുൻ അംഗങ്ങളുടെ കൂട്ടായ്മയിൽ മുൻ മുഖ്യമന്ത്രിമാരെയും മുൻ സ്പീക്കർമാരെയും ആദരിക്കും. അഖിലേന്ത്യ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിനെയും ആദരിക്കും. നിയമസഭാംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.

1998 മേയ് 22 ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചത്. സിൽവർ ജൂബിലിയോടനുബന്ധിച്ച് നിയമസഭാ മന്ദിരം ദീപാലംകൃതമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.