മണിപ്പൂരില്‍ അക്രമികള്‍ തകര്‍ത്തത് 121 ക്രിസ്ത്യന്‍ പള്ളികള്‍; പലായനം ചെയ്തത് 30,000 പേര്‍: റിപ്പോര്‍ട്ട് പുറത്തു വിട്ട് ഗുഡ്‌വില്‍ ചര്‍ച്ച്

മണിപ്പൂരില്‍ അക്രമികള്‍ തകര്‍ത്തത് 121 ക്രിസ്ത്യന്‍ പള്ളികള്‍; പലായനം ചെയ്തത് 30,000 പേര്‍: റിപ്പോര്‍ട്ട് പുറത്തു വിട്ട് ഗുഡ്‌വില്‍ ചര്‍ച്ച്

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ 121 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. കലാപം ഏറ്റവും രൂക്ഷമായിരുന്ന ചുരാചന്ദ്പൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ ഗുഡ്‌വില്‍ ചര്‍ച്ചാണ് തകര്‍ക്കപ്പെട്ട പള്ളികളുടെ പട്ടിക ഇന്നലെ പുറത്തു വിട്ടത്. തീവെക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്ത പള്ളികളുടെ പട്ടികയാണിത്.

മെയ് മൂന്നിനാണ് മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. നാല് ദിവസം നീണ്ട വംശീയ കലാപത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 250 ഓളം പേര്‍ക്ക് പരിക്കേറ്റു. 30,000 ഓളം ജനങ്ങള്‍ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്.

മണിപ്പൂര്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചിന് കീഴില്‍ 39 പള്ളികളാണ് തകര്‍ക്കപ്പെട്ടതെന്ന് ക്രിസ്ത്യന്‍ ഗുഡ്‌വില്‍ ചര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്റെയും മണിപ്പൂര്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് സിനഡിന്റെയും 14 വീതം പള്ളികള്‍ തകര്‍ത്തു.

തുയ്തഫായി പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് മണിപ്പൂര്‍ സിനഡിന് കീഴിലെ 13 പള്ളികള്‍ മെയ് നാലിന് തകര്‍ക്കപ്പെട്ടു. അന്ന് തന്നെ ഇവാഞ്ചലിക്കല്‍ ഫ്രീ ചര്‍ച്ച് ഓഫ് ഇന്ത്യയ്ക്ക് കീഴിലെ ഒമ്പത് പള്ളികളും തകര്‍ത്തു. ഇന്‍ഡിപെന്‍ഡന്റ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ എട്ട് പള്ളികള്‍ അഗ്നിക്കിരയാക്കി.

മെയ് മൂന്നിനും അഞ്ചിനും ഇടയില്‍ ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ചര്‍ച്ചിന്റെ അഞ്ച് ആരാധനാലയങ്ങള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തിച്ചു. ന്യൂ ടെസ്റ്റമെന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് അസോസിയേഷന്റെയും അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിന്റെയും ഓരോ പള്ളികളും തകര്‍ത്തു.


കാത്തലിക് ചര്‍ച്ച്, മണിപ്പൂര്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ഓര്‍ഗനൈസേഷന്‍ ചര്‍ച്ച് എന്നിവയുടെ മൂന്ന് വീതവും ഈസ്റ്റേണ്‍ മണിപ്പൂര്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ അസംബ്ലി ചര്‍ച്ച് എന്നിവയുടെ രണ്ട് വീതവും പള്ളികള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പര്‍വതമേഖലയിലും താഴ് വരയിലുമായി 45,000 ഓളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണെന്ന് ഇംഫാലിലെ കാത്തോലിക് ചര്‍ച്ച് മേധാവി ആര്‍ച്ച് ബിഷപ് ഡോമിനിക് ലുമന്‍ പറയുന്നു. പടിഞ്ഞാറന്‍ ഇംഫാലില്‍ 13,800, ഇംഫാല്‍ ഈസ്റ്റില്‍ 11,800, ബിഷ്ണുപൂരില്‍ 4,500, ചുരാചന്ദ്പൂരില്‍ 5,500, കാങ്പോക്പി ജില്ലയില്‍ 7,000 ആളുകള്‍ എന്നിങ്ങനെയാണിത്.

പ്രബല ഹിന്ദു വിഭാഗമായ മെയ്‌തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്നും പറ്റില്ലെന്നുമുള്ള തര്‍ക്കമാണ് മണിപ്പൂരില്‍ വലിയ കലാപത്തിന് ഇടയാക്കിയത്. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മെയ്‌തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നത് തങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കുമെന്ന് നാഗ, കുകി ഗോത്ര വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മെയ്‌തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതിരെ ഗോത്ര വിഭാഗങ്ങള്‍ നടത്തിയ മാര്‍ച്ചും അതിന് നേരെയുണ്ടായ ആക്രമണവുമാണ് പിന്നീട് വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വ്യാപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.