വന്യജീവി ആക്രമണം അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ ആരംഭിച്ചു; ഒമ്പത് സുപ്രധാന തീരുമാനങ്ങൾ

വന്യജീവി ആക്രമണം അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ ആരംഭിച്ചു; ഒമ്പത് സുപ്രധാന തീരുമാനങ്ങൾ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകി വനംവകുപ്പ് ഉന്നതതല യോഗം. ഒമ്പത് സുപ്രധാന തീരുമാനങ്ങളാണ് ഇന്നത്തെ യോഗത്തിൽ ഉണ്ടായത്. വന്യജീവി ആക്രമണം അറിയിക്കാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയായിരിക്കും ഈ ടോൾ ഫ്രീ നമ്പരുണ്ടാവുക. 1800 4254 733 എന്ന ടോൾഫ്രീ നമ്പരിലേക്ക് കർഷകർ അടക്കമുള്ളവർക്ക് വിവരം നൽകാവുന്നതാണ്. ഇത്തരമൊരു ടോൾ ഫ്രീ നമ്പരുണ്ടെന്ന് ആളുകളെ അറിയിക്കാൻ പ്രചരണം ആവശ്യമാണെന്നും യോഗത്തിന് ശേഷം വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ ആർആർടികളെ നിയമിക്കും. ധനവകുപ്പുമായി സംസാരിച്ച് കൂടുതൽ ആർ.ആർ.ടികൾക്ക് അംഗീകാരം നൽകും. പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ എസ്.ഒ.പി രൂപീകരിക്കാൻ വൈൽഡ് ലൈഫ് വാർഡനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് ഇതിന് രൂപം നൽകും.

കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരം ഒരു വർഷത്തേക്ക് കൂടി നീട്ടാനും ഉന്നതതലയോഗത്തിൽ തീരുമാനിച്ചതായും മന്ത്രി കാട്ടുപന്നികളെ വെടിവെക്കാനുള്ള ഉത്തരവിന്റെ കാലാവധി 28നാണ് തീരുക. കാട്ടുപോത്ത് ആക്രമണം സംസ്ഥാനത്ത് ആദ്യമാണ്. വനംവകുപ്പ് ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ മുൻകൂട്ടി ക്രമീകരണം ഒരുക്കിയില്ല. ഇപ്പോൾ അതും പ്രതീക്ഷിക്കേണ്ട സ്ഥിതിയാണുള്ളത്. അതുകൂടി മുൻനിർത്തിയുള്ള ഒരു എസ്.ഒ.പിക്കായിരിക്കും രൂപം നൽകുക.

ചില മേഖലകൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുന്നത്. ഈ മേഖലകൾക്ക് മാത്രമായി ആർആർടികൾ അനുവദിക്കും. എരുമേലിയിൽ കാട്ടുപോത്തിന് വെടിയേറ്റിരുന്നോ എന്ന കാര്യം വിശദമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒപ്പം വന സംരക്ഷണ സേനയായ ബിഎസ്എഫിന്റെ സേവനം കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.