ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറി; മെറ്റയ്ക്ക് 10,000 കോടി പിഴ

ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറി; മെറ്റയ്ക്ക്  10,000 കോടി പിഴ

ഡബ്ലിന്‍: ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കൈമാറിയതിന് ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് വന്‍ തുക പിഴ ചുമത്തി. ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ആണ് കമ്പനിയ്ക്ക് ഏകദേശം 10,000 കോടി രൂപയ്ക്ക് തത്തുല്യമായ 1.3 ബില്യന്‍ ഡോളര്‍ പിഴ ചുമത്തിയത്. യൂറോപ്യന്‍ യൂണിയന്റെ വിവര കൈമാറ്റ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.

2018 മെയ് 25 ന് നിലവില്‍ വന്ന യൂറോപ്യന്‍ യൂണിയന്‍ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ നിയമത്തിന്റെ ലംഘനമാണ് മെറ്റയ്ക്കെതിരെ ചൂണ്ടിക്കാട്ടുന്നത്. ഉപയോക്താക്കളുടെ വിവരം അമേരിക്കയ്ക്ക് കൈമാറിയെന്ന് കണ്ടെത്തിയത്. മെറ്റയ്ക്ക് കീഴിലുള്ള ഫെയ്‌സ്ബുക്കാണ് പ്രതി സ്ഥാനത്ത്.

നീതീകരിക്കാനാകാത്ത പിഴയാണിതെന്ന് മെറ്റ വാര്‍ത്താകുറിപ്പിലൂടെ പ്രതികരിച്ചു. ഇതിനെതിരെ നിയമനടപടി കൈക്കൊള്ളും. പിഴ സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ മെറ്റ അറിയിച്ചു.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലെ കമ്പനി ആസ്ഥാനത്താണ് സൂക്ഷിക്കുന്നത്. ഇതിനെതിരെ സ്വകാര്യതാ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഫെയ്‌സ്്ബുക്കിനെതിരെ നിയമയുദ്ധം നടത്തുന്നുണ്ട്. തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ വ്യക്തി വിവരങ്ങള്‍ സുരക്ഷിതമായി അമേരിക്കയില്‍ എത്തിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ മാസം മെറ്റ പ്രഖ്യാപിച്ചത്.

2021 ല്‍ യൂറോപ്യന്‍ യൂണിയന്‍ ആമസോണിന് ചുമത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് പിഴ. 746 മില്യന്‍ യൂറോയായിരുന്നു അന്ന് സ്വകാര്യതാ നിയമങ്ങളുടെ ലംഘനത്തിന്റെ പേരില്‍ ആമസോണിന് പിഴയിട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.