വന്യമൃഗ ശല്യത്തിനും കര്‍ഷക നീതിനിഷേധത്തിനുമെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ സമിതി

വന്യമൃഗ ശല്യത്തിനും കര്‍ഷക നീതിനിഷേധത്തിനുമെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ സമിതി

ഇടുക്കി: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ വന്യമൃഗ ശല്യത്തിനും കര്‍ഷക നീതിനിഷേധത്തിനുമെതിരെ തെള്ളിത്തോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാലഹരണപ്പെട്ട വനനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, വന്യജീവികളെ കാടിനുള്ളില്‍ തന്നെ സംരക്ഷിക്കുവാനുള്ള വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ തയ്യാറാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെ.സി.സിയുടെ പ്രതിഷേധസംഗമം.

കെ.സി.സി പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക പ്രതിസന്ധി, പ്രകൃതിദുരന്തങ്ങള്‍, വന്യമൃഗശല്യം തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാല്‍ ക്ലേശിക്കുന്ന ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് പിന്തുണയും സഹായവും നല്‍കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടാകണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.

കെ.സി.സി പ്രസിഡന്റ് പി.എ ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, കെ.സി.സി രൂപതാ വൈസ്പ്രസിഡന്റ് ടോം കരികുളം, ട്രഷറര്‍ ജോണ്‍ തെരുവത്ത്, ജോയിന്റ് സെക്രട്ടറി എം.സി. കുര്യാക്കോസ്, എ.ഐ.സി.യു പ്രതിനിധി ബിനു ചെങ്ങളം, തെള്ളിത്തോട് വികാരി ഫാ. സൈജു പുത്തന്‍പറമ്പില്‍, റെജി കപ്ലങ്ങാട്ട്, കെ.സി.ഡബ്ല്യു.എ പടമുഖം ഫൊറോന പ്രസിഡന്റ് ലിസി കുര്യന്‍, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് സെബിന്‍ ചേത്തലില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി ഷാജി കണ്ടച്ചാംകുന്നേല്‍, കെ.സി.സി ഫൊറോന സെക്രട്ടറി ജോണ്‍സണ്‍ നാക്കോലിക്കരയില്‍ എന്നിവര്‍ പങ്കെടുത്തു. കെ.സി.സി പടമുഖം ഫൊറോന, യൂണിറ്റ് ഭാരവാഹികള്‍ സംഗമത്തിനു നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.