മോഡിയുടെ സന്ദര്‍ശനം: സിഡ്നിയിലെ ഹാരിസ് പാര്‍ക്ക് ഇനി മുതല്‍ 'ലിറ്റില്‍ ഇന്ത്യ'; ബ്രിസ്ബനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കും

മോഡിയുടെ സന്ദര്‍ശനം: സിഡ്നിയിലെ ഹാരിസ് പാര്‍ക്ക് ഇനി മുതല്‍ 'ലിറ്റില്‍ ഇന്ത്യ'; ബ്രിസ്ബനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കും

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്ബനില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബ്രിസ്ബനിലെ ഇന്ത്യന്‍ വംശജരുടെ ആവശ്യ പ്രകാരമാണ് കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഓസ്‌ട്രേലിയ സന്ദര്‍ശനത്തിന്റെ ഭാഗമായി സിഡ്‌നിയില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും സന്നിഹിതനായിരുന്നു. കാന്‍ബറയില്‍ ഇന്ത്യയ്ക്ക് ഹൈക്കമ്മിഷനും സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റുകളും ഉണ്ട്.

ഇന്ത്യയോടുള്ള ആദരവെന്ന നിലയില്‍ സിഡ്നിയിലെ പരമറ്റ സിറ്റിയിലെ ഹാരിസ് പാര്‍ക്ക് ഇനി മുതല്‍ അറിയപ്പെടുക 'ലിറ്റില്‍ ഇന്ത്യ' എന്ന പേരിലായിരിക്കും. ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സിഡ്നിയിലെ ഇന്ത്യന്‍ ജനത ഒരുക്കിയ സ്വീകരണ ചടങ്ങില്‍ ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഹാരിസ് പാര്‍ക്കിന്റെ പുതിയ പേര് അനാച്ഛാദനം ചെയ്തു. 30 ശതമാനം ഇന്ത്യന്‍ വംശജരുള്ള ഓസ്ട്രേലിയന്‍ സിറ്റിയായ പരമറ്റയിലെ ഒരു പ്രധാന മേഖലയാണ് ഹാരിസ് പാര്‍ക്ക്.

പ്രതീക്ഷിക്കാതെ ലഭിച്ച ഈ ആദരത്തിന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി നരേന്ദ്ര മോഡി പറഞ്ഞു. ചാട്ടും മധുര പലഹാരങ്ങളും കഴിക്കാന്‍ തന്റെ സുഹൃത്ത് ആല്‍ബനീസിയെ 'ലിറ്റില്‍ ഇന്ത്യ'യിലേക്ക് ക്ഷണിക്കണമെന്ന് ഇന്ത്യന്‍ സമൂഹത്തോട് ഫലിത രൂപത്തില്‍ പ്രധാനമന്ത്രി പറയുകയും ചെയ്തു.

ദീപാവലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ആഘോഷങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ ഏറ്റവും പേരുകേട്ട സ്ഥലമാണ് പരമറ്റ. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വംശജനായ സമീര്‍ പാണ്ഡെ സിറ്റിയുടെ ലോര്‍ഡ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് നിലവിലെ മേയര്‍ സ്ഥാനം ഒഴിഞ്ഞ് ഇന്ത്യന്‍ വംശജനായ സമീറിന് അധികാരം കൈമാറുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.