രണ്ടായിരം വർഷം നീണ്ട ജപ്പാൻ രാജവംശവും കത്തോലിക്കാ സഭയും

രണ്ടായിരം വർഷം നീണ്ട ജപ്പാൻ രാജവംശവും കത്തോലിക്കാ സഭയും

യേശുവിന്റെ ഭരണനൈപുണ്യ മാഹാത്മ്യം - 1

തൊണ്ണൂറുകളുടെ ഉത്തരാർദ്ധത്തിൽ ഭരണനിപുണന്മാരുടെ ശ്രദ്ധയാകർഷിച്ചു ലോകം മുഴുവൻ ചർച്ചയായിത്തീർന്ന ഗ്രന്ഥമാണ് ലോറീ ബെർത്ത് ജോൺസിന്റെ ജീസസ് സി ഇ ഓ (Jesus, CEO: Using Ancient Wisdom for Visionary Leadership ). അനിതരസാധാരണമായ ഭരണ നൈപുണ്യത്തിന്റെ ഉദാത്ത മാതൃകയായി ക്രിസ്തു അവതരിപ്പിക്കപ്പെടുമ്പോൾ ഒരു മെത്തഡിസ്റ് ഗ്രന്ഥകാരിയുടെ ദൃഷ്ടിയിൽ അത്രമാത്രം ആഴത്തിൽ പതിയാതെപോയ ഒരു മുഖമുണ്ട്. ചരിത്രത്തെ കീറിമുറിച്ച യേശുവെന്ന അത്ഭുത പ്രതിഭയുടെ സർവ ദർശനങ്ങളും ഉൾക്കൊണ്ടു രണ്ടു സഹസ്രാബ്ദമായി മഹാപർവതം പോലെ ഉയർന്നു പ്രശോഭിക്കുന്ന കത്തോലിക്കാ സഭയെന്ന പ്രതിഭാസം. ചരിത്രപഠിതാക്കളും ഭരണനിർവഹണ വിദ്യാ ഗവേഷകരും അത്യാദരവോടെ നോക്കുന്ന മഹാത്ഭുതത്തിന്റെ സുദീർഘ പ്രയാണത്തിൽ ലോകശ്രദ്ധയാകർഷിച്ച ദീപസ്തംഭങ്ങൾ ചർച്ചയാകുകയാണ് ഈ ലേഖന പരമ്പരയിൽ

നിലനിൽക്കുന്ന പ്രസ്ഥാനങ്ങൾ

നേതൃത്വത്തെ ആദരിച്ചു നിലനിൽക്കുന്ന സംഘടിത സംവിധാനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് നിലനിൽപ്. രണ്ടു സഹസ്രാബ്ദങ്ങൾ കടന്ന രണ്ടു സംവിധാനങ്ങളാണ് അതിൽ ഏറ്റവും പ്രസക്തം. ഒന്ന് നൂറ്റിയിരുപത്താറാമത്തെ ചക്രവർത്തിയായി അവരോധിതനായ നറുഹിതോ നയിക്കുന്ന ജപ്പാനിലെ തകമികുറ രാജവംശം. അടുത്ത് കത്തോലിക്കാ സഭ. ജപ്പാനിലേതു ഇപ്പോൾ നാമമാത്രമായ സാഹചര്യമാണ് അവശേഷിക്കുന്നെങ്കിൽ ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഹരിതാഭമായ വളർച്ച കത്തോലിക്കാ സഭയുടെ മാത്രം സ്വന്തമാണ്. മാനുഷിക സംവിധാനങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളിയായി അനുസരണക്കേടിനെ അതിജീവിക്കുന്ന അത്ഭുതമാണ് തിരുസഭ.

മോഹിപ്പിക്കുന്ന അനുയായി വൃന്ദം

വ്യക്തികളുടെ ആശയങ്ങളെ പിഞ്ചെല്ലുന്നവരാണ് അനുയായികൾ. അനുയായികളുടെ എണ്ണം കുറയാതെ നൂറുവർഷം പിടിച്ചു നില്ക്കാൻ കഴിഞ്ഞ നേതാക്കൾ കുറവാണ്. ഇന്ന് ലോകത്തിൽ ഏറ്റവും അധികം അനുയായികൾ ഉള്ളത് യേശുവിന്റെ സഭയിലാണ്. എന്നാൽ നാമമാത്ര ക്രിസ്ത്യാനികളല്ലേ കൂടുതൽ എന്ന ചോദ്യം ഉയർത്തുന്നവർ ഉണ്ടാകും. പക്ഷെ യേശുവിന്റെ ആദര്ശത്തിനുവേണ്ടി മാത്രം വിവാഹം വേണ്ടെന്നു വച്ച നാല് ലക്ഷത്തിലധികം പുരുഷന്മാരും അതിലേറെ സ്ത്രീകളും ഈ നൂറ്റാണ്ടിലും സ്വന്തമായുള്ള നേതാവാണ് യേശു. മോഹങ്ങൾ വിരിയുന്ന പ്രായത്തിൽ വിവാഹമേ വേണ്ടെന്നുവെയ്ക്കാൻ ഇത്രയധികം ചെറുപ്പക്കാരെ പ്രേരിപ്പിച്ച മറ്റൊരാളും ഈ ലോകത്തിൽ ഇല്ല.

കൽക്കരിക്കട്ടയിൽ വൈഡൂര്യ വിസ്മയം

യേശുവിന്റെ ഭരണനൈപുണ്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം അവിടുത്തെ സ്വപ്‌നങ്ങൾ വളരെ നിസ്സാരരായ മനുഷ്യരിലൂടെയാണ് ലോകത്തിലെ ഏറ്റവും അസാധാരണമായ രീതിയിൽ നിർവഹിക്കപ്പെടുന്നത് എന്നതാണ്. ഏറ്റവും വലിയ ഉദാഹരണം മാർപ്പാപ്പ തന്നെ. മാർപ്പാപ്പയെ തിരഞ്ഞെടുക്കുമ്പോൾ കത്തോലിക്കാ സഭയിൽ അപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും ബുദ്ധിശക്തിയും ഭരണ നൈപുണ്യവുമുള്ള ആളായിരിക്കില്ല അഭിഷിക്തനാകുന്നത്. ഇപ്പോഴത്തെ മാർപ്പാപ്പയേക്കാൾ കഴിവും പാണ്ഡിത്യവുമുള്ള നിരവധി വൈദീകർ കേരളത്തിൽ തന്നെയുണ്ടാകാം എന്ന് ആലങ്കാരികമായി വേണമെങ്കിൽ പറയാം. 'ദൈവീക തിരഞ്ഞെടുപ്പ്' എന്ന അത്ഭുതകരമായ സംവിധാനത്തിലൂടെയാണ് കത്തോലിക്കാ സഭയുടെ മുന്നോട്ടുപോക്ക്‌.

സഭാ ചരിത്രത്തെ മുന്നോട്ടു നയിച്ച ഇത്തരം ചില മഹാത്ഭുതങ്ങൾ ഈ ലേഖന പരമ്പരയിൽ നമ്മൾ പരിചയപ്പെടും.

പത്രോസെന്ന പാവപ്പെട്ടവൻ

അരുന്ധതി റോയ് എന്ന പാതി മലയാളിയായ എഴുത്തുകാരിയുടെ കേരള സന്ദര്ശനത്തെക്കുറിച്ചു അവർ പറഞ്ഞത് ഓർമ്മ വരുന്നു. യാത്രയ്ക്കിടയിൽ ഒരു കടത്തു കടക്കേണ്ടി വന്നു. ചെറുപ്പക്കാരനായ വഞ്ചിക്കാരൻ അവരോടു കുശലാന്വേഷണങ്ങൾ നടത്തി. നാട്ടിന്പുറത്തുകാർ തന്നെ ഒരിക്കലും തിരിച്ചറിയില്ല എന്ന ആത്മവിശ്വാസം ഒരു സാധാരണ സ്ത്രീയെപ്പോലെ സംസാരിക്കാൻ അരുന്ധതിയെ ധൈര്യപ്പെടുത്തി. എന്നാൽ സംഭാഷണമധ്യേ അരുന്ധതിയുടെ ഗ്രന്ഥത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ഇരുത്തം വന്ന വിമര്ശകനെപ്പോലെ അയാൾ സംസാരിക്കുന്നതുകേട്ടു അവർ അത്ഭുതപ്പെട്ടു.

ഇനി പറയുന്നത് സംഭവിച്ചത് രണ്ടു ദശാബ്ദങ്ങൾക്കു മുൻപാണ്. ആലപ്പുഴയിലെ തീരദേശത്തുകൂടെ ആയുർവേദ നടത്തത്തിനിറങ്ങിയ ഒരു വെള്ളക്കാരൻ നാട്ടിൻപുറത്തെ ഇന്റർനെറ്റ് കഫെ കണ്ടു ഞെട്ടി. അതിന്റെ നടത്തിപ്പുകാരനോട് സംസാരിച്ചപ്പോൾ അയാൾ അതിലും ഞെട്ടി. പത്രഭാഷയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ജാക്‌സൺ എന്ന വാടക്കൽകാരനെ അദ്ദേഹം വിദേശത്തുള്ള അവരുടെ സ്ഥാപനത്തിലേക്ക് ഉടൻ റിക്രൂട് ചെയ്യുകയായിരുന്നു. ഇന്ന് കേരളത്തിൽ വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ എംഡി ആണ് ഈ ചെറുപ്പക്കാരൻ.

അഭ്യസ്തവിദ്യയുടെ നാട്ടിന്പുറക്കാഴ്ചകൾ കേരളത്തിന് മാത്രം സ്വന്തമാണ്. നമ്മുടെ തീരപ്രദേശത്തുകൂടെ നടന്നാൽ ബിരുദാനന്തര ബിരുദമുള്ള ധാരാളം മത്സ്യത്തൊഴിലാളികളെ നിങ്ങൾ കണ്ടുമുട്ടും. ചിലപ്പോൾ അവരെ നിങ്ങളുടെ സ്ഥാപനങ്ങളിലേക്ക് റിക്രൂട് ചെയ്യാൻ നിങ്ങൾ വെമ്പൽ കൊണ്ടേക്കും. എന്നാൽ ഒരു നൂറു വര്ഷം മുൻപത്തെ സ്ഥിതി അതല്ല. നൂറു വര്ഷം മുൻപത്തെ മത്സ്യത്തൊഴിലാളിയെ നിങ്ങളുടെ ബഹുരാഷ്ട്ര സ്ഥാപനത്തിലേക്ക് ഏതു പദവിയിൽ നിങ്ങൾ റിക്രൂട് ചെയ്യും? എന്നാൽ നമ്മൾ പറഞ്ഞു വരുന്നത് നൂറു വര്ഷം മുൻപുള്ള മത്സ്യത്തൊഴിലാളിയെക്കുറിച്ചല്ല. ഒരു രണ്ടായിരം വര്ഷം മുൻപുള്ള മത്സ്യത്തൊഴിലാളിയാണ് കഥാപാത്രം.

തിരഞ്ഞെടുപ്പിന്റെ തമ്പുരാൻ

ആദിയിൽ മനുഷ്യസമൂഹം ലോകമെങ്ങും ചിതറിക്കപ്പെട്ടതിനുശേഷം സർവലോകവും പരിധിയിൽ നിൽക്കുന്ന സാമ്രാജ്യങ്ങൾ സ്ഥാപിക്കാൻ ധാരാളം സാഹസികന്മാർ ശ്രമിച്ചിട്ടുണ്ട്. അവരിൽ പലരും യുദ്ധവീരന്മാരും ഭരണാധികാരികളുമായിരുന്നു. എന്നാൽ ഒരു സാധാരണക്കാരന്റെ ജീവിതം തിരഞ്ഞെടുത്ത ദൈവപുത്രൻ ഐഹീകമാതൃകയിലല്ലാത്ത ഒരു രാജ്യം പണിയാൻ ആഗ്രഹിച്ചു. രാജ്യമാണോ ? രാജ്യമാണ്. രാജ്യമല്ലേ? രാജ്യമല്ല. ഇതായിരുന്നു ആ രാജ്യത്തിൻറെ പ്രത്യേകത. ഐഹീകമല്ലാത്ത രാജ്യം പണിയുമ്പോൾ നാടുവാഴികളോടും രാജാക്കന്മാരോടും ചക്രവർത്തിമാരോടും നേർക്ക് നേർ നിന്ന് സംസാരിക്കേണ്ടി വരും. ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന ചോദ്യം ഒരു കുഞ്ഞു മാലാഖയെങ്കിലും ചോദിച്ചിരുന്നെങ്കിൽ കേട്ടുനിൽക്കുന്ന ജ്ഞാനിയുടെ മറുപടി എന്തായിരിക്കും ? ഈ രാജ്യത്തിൽ ഇങ്ങനെയാണ്. ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന ചോദ്യം ഇവിടെയില്ല. ആരാണ് തിരഞ്ഞെടുക്കുന്നതെന്ന കാര്യം മാത്രമാണ് ഇവിടെ പ്രസക്തം.

യേശു തന്റെ സംരംഭത്തിലേക്കു ഒരാളെ വിളിക്കുമ്പോൾ ആ വ്യക്തിയോട് പറയുന്ന സന്ദേശം പകൽപോലെ വ്യക്തമാണെന്ന് അനുയായികൾ സാക്ഷിക്കുന്നു. ആളുകളുടെ യോഗ്യതകളും പരിചയ സമ്പന്നതയും നോക്കി മാത്രം കൂടെ കൂട്ടുന്ന പരമ്പരാഗത സമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമായി, നീ ആരാണെന്നു എനിക്ക് പ്രശ്നമല്ല പക്ഷെ ഞാൻ ആരാണെന്നു നീ പറഞ്ഞാൽ നീ ആരാകുമെന്നു ഞാൻ പറയാം എന്ന് കൂസലില്ലാതെ പറയുന്ന ആത്മധൈര്യം യേശുവിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

ആത്മവിശ്വാസത്തിന്റെ അനന്യ മാതൃക

യേശുവിന്റെ പ്രൊഫൈലിൽ ഒറ്റ വാചകമേയുള്ളൂ. ഞാൻ ഞാനാകുന്നു, അത്ര മാത്രം. ഞാൻ ഞാനാകുന്നവൻ തിരഞ്ഞെടുക്കുന്നവരിലൂടെ സംഭവിക്കുന്നവയുടെ കത്തോലിക്കാ സഭ ചരിത്രം. അതിനെ നമുക്ക് ജീസസ് ഇഫെക്ട് എന്ന് വിളിക്കാം. പന്ത്രണ്ടു പേരിലൂടെയായിരുന്നു ജീസസ് ഇഫക്റ്റിന്റെ തുടക്കം. യേശു ആരാണെന്നു പറഞ്ഞ മത്സ്യത്തൊഴിലാളിയെ തന്റെ അന്താരാഷ്ട്ര സംവിധാനത്തിന്റെ തലപ്പത്തു അവരോധിച്ചുകൊണ്ടു യേശു തന്റെ പ്രഖ്യാപനം നടത്തി. തുടർന്നിങ്ങോട്ട് യേശു ആരാണെന്നു ഏറ്റു പറഞ്ഞവരുടെ നാളുകളായിരുന്നു. അവർ ചരിത്രത്തിന്റെ ഗതിയെ മാറ്റുന്ന സംസ്കാരങ്ങളെ സ്പർശിക്കുന്ന മഹാത്ഭുതങ്ങളായി മാറി.

പ്രതിഭയുടെ സ്രോതസ്എന്ന് ആരാധകവൃന്ദം വാഴ്ത്തിപ്പാടുന്ന അനന്യനായ തച്ചന്റെ ദീർഘവീക്ഷണം ഓരോ നൂറ്റാണ്ടിലും നിസാരന്മാരെ സ്വാധീനവലയത്തിലാക്കി ചരിത്രഗതിയെ തന്നെ മാറ്റി മരിച്ചതിന്റെ നേർക്കാഴ്ചയാണ് ഈ ലേഖന പരമ്പര. സാമ്രാജ്യങ്ങളെയും പ്രത്യയ ശാസ്ത്രങ്ങളെയും അതിജീവിക്കുന്ന ഞാൻ ഞാനാകുന്നവന്റെ ഭരണ നൈപുണ്യം നമുക്ക് ഒരുമിച്ചു വായിക്കാം. (തുടരും )

ജോസഫ് ദാസൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26