ദുബായ്: കൈയ്യിലുളള 2000 രൂപ നോട്ടുകള്‍ എങ്ങനെ മാറിയെടുക്കണമെന്നറിയാതെ പ്രവാസികള്‍. നോട്ട് പിന്‍വലിക്കാനുളള റിസർവ്വ് ബാങ്ക് തീരുമാനത്തിന് പിന്നാലെ നാട്ടിലേക്ക് പോകുന്നവരുടെ പക്കലും മറ്റുമായി കൈയ്യിലുളള നോട്ടുകള്‍ കൊടുത്തുവിടുകയാണ് പ്രവാസികള്‍. അതിനിടെ വിവിധ മണി എക്സ്ചേഞ്ചുകള്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കുന്നത് നിർത്തിയതും പ്രതിസന്ധി കൂട്ടി.
ഒറ്റ നോട്ടായി സൂക്ഷിക്കാമെന്നുളളതുകൊണ്ടുതന്നെ നാട്ടില്‍ നിന്നും യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്നവർ 2000 രൂപ നോട്ടുകള്‍ കൈയ്യില്‍ കരുതാറുണ്ട്. വിനോദസഞ്ചാരത്തിനും മറ്റുമായെത്തുന്ന പ്രവാസികള്‍ കൈയ്യിലുളള നോട്ടുകള്‍ മാറി അതത് രാജ്യത്തെ കറന്‍സികള്‍ സ്വീകരിക്കാനായാണ് മണി എക്സ്ചേഞ്ചുകളെ ആശ്രയിക്കുന്നത്. 2000 രൂപ നല്‍കുമ്പോള്‍ സ്വീകരിക്കില്ലെന്ന അറിയിപ്പാണ് പല എക്സ്ചേഞ്ചുകളും നല്‍കുന്നതെന്ന് പ്രവാസികള്‍ അഭിപ്രായപ്പെടുന്നു. നിശ്ചിത സമയ പരിധിക്കുളളില്‍ നോട്ടുകള്‍ വിറ്റഴിക്കുന്നതിന് പ്രയാസം നേരിടുമെന്ന ആശങ്കയാണ് നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് എക്സ്ചേഞ്ചുകളെ പിന്തിരിപ്പിക്കുന്നത്. ഇന്ത്യന്‍ ബാങ്കുകളില്‍ തന്നെ നോട്ടുകള്‍ നിക്ഷേപിക്കാനാണ് നല്‍കുന്ന നിർദ്ദേശം.
ഹജ്ജിന് സൗദിയിലെത്തുന്ന പ്രവാസികള്‍ക്കും മണി എക്സ്ചേഞ്ചുകള്‍ സമാനമായ നിർദ്ദേശം നല്‍കുന്നുണ്ട്. നോട്ട് നിരോധന കാലത്തും കൈയ്യിലുളള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഏറെ പ്രയാസം നേരിട്ടതും പ്രവാസികള്‍ തന്നെയാണ്. കൈയ്യിലുളള 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാതിരുന്ന നിരവധി പ്രവാസികളുണ്ട്. സമാനമായ അവസ്ഥ തന്നെ 2000 രൂപയുടെ നോട്ടിന്‍റെ കാര്യത്തിലുമുണ്ടാകുമെന്നുളളതാണ് പ്രവാസികളുടെ ആശങ്ക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.