പുതിയ പാര്‍ലമെന്റിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍; മയിലും താമരയും ആല്‍മരവും പ്രമേയമാക്കിയുള്ള നിര്‍മാണം

പുതിയ പാര്‍ലമെന്റിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍; മയിലും താമരയും ആല്‍മരവും പ്രമേയമാക്കിയുള്ള നിര്‍മാണം

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കുമിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും അകത്തളങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍.

ദേശീയ ചിഹ്നങ്ങളായ മയിലും താമരയും ആല്‍മരവും പ്രമേയമാക്കിയുള്ള വിശാലമായ ഹാളുകളും അത്യാധുനിക ആശയ വിനിമയ സാങ്കേതിക വിദ്യകള്‍ ഘടിപ്പിച്ച ഇരിപ്പിടങ്ങളും മുറികളും വിസ്മയ കാഴ്ചകളാണ്.


ലോക്സഭാ ചേംബര്‍ ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയും രാജ്യസഭാ ചേംബര്‍ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലുമാണ്. ദേശീയ വൃക്ഷമായ ആല്‍മരത്തിന്റെ വശ്യത പകരുന്ന മുറ്റത്തിന് അനുബന്ധമായാണ് സെന്‍ട്രല്‍ ലോഞ്ച് സൃഷ്ടിച്ചിരിക്കുന്നത്. ബിമല്‍ ബസ്മുഖ് പട്ടേല്‍ രൂപ കല്‍പ ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരം ടാറ്റ പ്രൊജക്ടസ് ആണ് നിര്‍മിച്ചിട്ടുള്ളത്.

പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുള്ള പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.