ഉക്രെയ്ന്‍ അധിനിവേശത്തില്‍ പുതിയ നീക്കം; ബെലാറസില്‍ റഷ്യ ആണവായുധങ്ങള്‍ വിന്യസിച്ച് തുടങ്ങി

ഉക്രെയ്ന്‍ അധിനിവേശത്തില്‍ പുതിയ നീക്കം; ബെലാറസില്‍ റഷ്യ ആണവായുധങ്ങള്‍ വിന്യസിച്ച് തുടങ്ങി

മിന്‍സ്‌ക്: ഉക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി റഷ്യ. തങ്ങളുടെ തന്ത്രപരമായ ആണവായുധങ്ങള്‍ അയല്‍ രാജ്യമായ ബെലാറസില്‍ റഷ്യ വിന്യസിച്ചു തുടങ്ങി. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയാണ് ഇക്കാര്യമറിയിച്ചത്.

ബെലാറസില്‍ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ആണവായുധങ്ങള്‍ ബെലാറസിലേക്ക് മാറ്റുന്നുണ്ടെങ്കിലും അതിന്റെ നിയന്ത്രണം അവര്‍ക്ക് കൈമാറില്ലെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു.

ഉക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് പിന്തുണ നല്‍കുന്ന ഏറ്റവും അടുത്ത സഖ്യകക്ഷി കൂടിയാണ് ബെലാറസ്. റഷ്യക്ക് പുറമേ ഉക്രെയ്ന്‍ നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുമായും ബെലാറസ് അതിര്‍ത്തി പങ്കിടുന്നുണ്ട്. 1990 കള്‍ക്ക് ശേഷം ഇതാദ്യമായാണ് റഷ്യ തങ്ങളുടെ ആണവായുധങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് വിന്യസിക്കുന്നത്.

അതേ സമയം, നടപടി ബെലാറസിലെ ജനങ്ങളുടെ ജീവന് മാത്രമല്ല, ഉക്രെയ്‌നും യൂറോപ്പിലുടനീളവും പുതിയ ഭീഷണി സൃഷ്ടിക്കുന്നതാണെന്ന് ബെലാറസ് പ്രതിപക്ഷ നേതാവ് സ്വെറ്റ്ലാന റ്റിഖനോവ്സ്‌കായ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.