മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ

മുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്  ഏഴ് ലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ

പാലക്കാട്: ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രതികളായിട്ടുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് വാഗ്ദാനം.

പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള പോസ്റ്റര്‍ എന്‍ഐഎ പതിച്ചിരിക്കുന്നത്.

കൂറ്റനാട് സ്വദേശി ഷാഹുല്‍ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി കെ. അബ്ദുള്‍ റഷീദ്, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മന്‍സൂര്‍, നെല്ലായി സ്വദേശി കെ.പി മുഹമ്മദലി, പറവൂര്‍ സ്വദേശി അബ്ദുള്‍ വഹാബ് എന്നിവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പേര് വിവരങ്ങളില്ലാത്ത മറ്റൊരു നേതാവിന്റെ ചിത്രവും എന്‍ഐഎ പതിച്ച പോസ്റ്ററിലുണ്ട്.

വാണ്ടഡ് എന്ന ലേബലിന് താഴെയായി പ്രവര്‍ത്തകരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പ്രതിഫലമായി നല്‍കുന്ന തുക അടക്കമുള്ള വിവരങ്ങളുമുണ്ട്. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ വിവരം നല്‍കേണ്ട ഫോണ്‍ നമ്പരും ഇ-മെയില്‍ അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങളുമുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം ഇതുവരെ പിടിയിലാകാത്ത നേതാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് എന്‍ഐഎ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.