ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിലും മുഖ്യമന്ത്രി സിദ്ധരാമ്മയ്യക്ക് മേല്‍കൈ. ധനകാര്യം, കാബിനറ്റ്, ഭാരണകാര്യം, രഹസ്യാന്വേഷണം ഉള്‍പ്പടെ സുപ്രധാന വകുപ്പുകളൊക്കെ സിദ്ധരാമയ്യ നേടി. ജലസേചനവും നഗരവികസനവും മാത്രമാണ് നിലവില്‍ ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാറിന് ലഭിച്ചിട്ടുള്ളത്.
ജി. പരമേശ്വരയാണ് ആഭ്യന്തര മന്ത്രി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്ക് ഗ്രാമവികസന വകുപ്പാണ് ലഭിച്ചത്. എച്ച്.കെ. പാട്ടീലാണ് നിയമമന്ത്രി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് കെ.എച്ച്. മുനിയപ്പയ്ക്കാണ്. കെ.ജെ. ജോര്‍ജ്, ഡോ. എച്ച്.സി മഹാദേവപ്പ, ശരണബസാപ്പ, ശിവനാനന്ദ് പാട്ടീല്‍ എന്നിവരും മന്ത്രിസഭയിലെത്തി. അതേസമയം, മുതിര്‍ന്ന നേതാക്കളായ ആര്‍വി ദേശ്പാണ്ഡെ, ടിബി ജയചന്ദ്ര തുടങ്ങിയവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല.
ശനിയാഴ്ച 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കര്‍ണാടകയിലെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആയി. മന്ത്രിമാരില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. മുന്‍ എഐസിസി അംഗവും കര്‍ണാടക പിസിസി അംഗവുമായ എന്‍.എസ്. ബോസെരാജു അപ്രതീക്ഷിതമായി മന്ത്രിസഭയിലെത്തി. ബോസെരാജു നിലവില്‍ എംഎല്‍എയോ നിയമസഭാ കൗണ്‍സില്‍ അംഗമോ അല്ല.
മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മന്ത്രിസഭാ രൂപീകരണത്തിലും സിദ്ധരാമയ്യയുടെ അഭിപ്രായങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v