മെല്‍ബണ്‍ ഒരുങ്ങി; ജന്മദിനത്തില്‍ ഒരു മെത്രാഭിഷേകത്തിനായ്

മെല്‍ബണ്‍ ഒരുങ്ങി; ജന്മദിനത്തില്‍ ഒരു മെത്രാഭിഷേകത്തിനായ്

പ്രകാശ് ജോസഫ്

മെല്‍ബണ്‍: അതിവേഗം വളരുന്ന പ്രവാസി രൂപതയായ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനാകുന്ന മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ 57-ാം പിറന്നാള്‍ ദിനമാണ് മെയ് 31. പരിശുദ്ധ ദൈവമാതാവിന്റെ സന്ദര്‍ശന തിരുനാള്‍ കൂടിയായ അന്നേ ദിവസം വൈകിട്ട് അഞ്ചിന് മെല്‍ബണിലെ 'ഒവര്‍ ലേഡി ഗാര്‍ഡിയന്‍ ഓഫ് പ്ലാന്റ്‌സ്' കല്‍ദായ പള്ളിയില്‍ മെത്രാഭിഷേകവും സ്ഥാനാരോഹണ ചടങ്ങുകളും നടക്കുമ്പോള്‍, അത്യധികം പ്രധാന്യത്തോടെയാണ് ഓസ്‌ട്രേലിയന്‍ ക്രൈസ്തവ സമൂഹം സിറോ മലബാര്‍ സഭയെ വീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ലത്തീന്‍ സഭയില്‍നിന്നും വിവിധ പൗരസ്ത്യ സഭകളില്‍നിന്നും സിറോ മലബാര്‍ സഭയില്‍നിന്നുമായി മുപ്പതോളം മെത്രാന്മാരും നിരവധി വൈദികരും വിശ്വാസികളും പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ സമൂഹം. സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാഭിഷേക തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികനാകും. 29-ന് മാര്‍ ആലഞ്ചേരി മെല്‍ബണിലെത്തിച്ചേരുമെന്നാണ് കരുതുന്നത്. മാര്‍പ്പാപ്പയുടെ ഓസ്ട്രേലിയയിലെ പ്രതിനിധി അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ചാള്‍സ് ബാല്‍വോയുടെ സാന്നിധ്യം തിരുകര്‍മ്മങ്ങള്‍ക്ക് അനുഗ്രഹപ്രദമാകും.

ഓസ്‌ട്രേലിയയില്‍നിന്നുള്ള നാലു ലത്തീന്‍ ആര്‍ച്ച് ബിഷപ്പുമാരും 16 മെത്രാന്മാരുമടക്കം 20 മെത്രാന്മാരുടെ സാന്നിധ്യം തദ്ദേശീയ സഭയ്ക്ക് സിറോ മലബാര്‍ സമൂഹത്തോടുള്ള സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും നേര്‍സാക്ഷ്യമാകും. സിറോ മലബാര്‍ സഭാ മെത്രാന്മാരായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ ജോസ് ചിറ്റുപ്പറമ്പില്‍, മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് കൊല്ലമ്പറമ്പില്‍, മാര്‍ ടോണി നീലങ്കാവില്‍ തുടങ്ങിയ മെത്രാന്മാര്‍ ചടങ്ങിനെത്തുമെന്നറിയുന്നു. രൂപതാ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരിയുടെ മേല്‍നോട്ടത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ഒരുക്കങ്ങള്‍ നടത്തുന്നു.

അതിവേഗം വളരുന്ന ജനവിഭാഗം
വിശ്വാസം മങ്ങിത്തുടങ്ങിയ ഓസ്‌ട്രേലിയന്‍ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ സിറോ മലബാര്‍ സമൂഹത്തെ കാണുന്നത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജനവിഭാഗങ്ങളില്‍ ഒന്നാണ് മലയാളീ സമൂഹമെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

2021-ലെ ഓസ്‌ട്രേലിയന്‍ ജനസംഖ്യാ കണക്കു പ്രകാരം 78738 മലയാളികള്‍ രാജ്യത്തുണ്ട്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ മൂന്നിരട്ടിയിലേറെ വരുമെന്നാണ് കരുതുന്നത്. മലയാളം ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ രേഖപ്പെടുത്തിയവര്‍ മാത്രമേ ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നുള്ളൂ. ഇവിടെ ജനിച്ചുവളര്‍ന്ന കുട്ടികളില്‍ മലയാളം സംസാരിക്കാത്തവര്‍ ഈ കണക്കുകളില്‍ ഉള്‍പ്പെടാനിടയില്ല.

ഓസ്‌ട്രേലിയയിലെ മലയാളി വളര്‍ച്ചയുടെ ഗതി മനസിലാകണമെങ്കില്‍ കണക്കുകളില്‍ അല്‍പം പിന്നോട്ടു പോകണം. 2001-ലെ ഔദ്യോഗിക ജനസംഖ്യാ കണക്കു പ്രകാരം 2968 മലയാളികളും 2006-ലെ കണക്കു പ്രകാരം 7093 മലയാളികളുമാണ് ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം 2011-ല്‍ 25,111 ആയി മലയാളികളുടെ സംഖ്യ ഉയര്‍ന്നു. 2016-ല്‍ ഇത് 53206 ആയി (സെന്‍സസ് കണക്കെടുപ്പില്‍ മലയാളം രണ്ടാം ഭാഷയായി രേഖപ്പെടുത്തിയവര്‍ മാത്രം).

ഓസ്‌ട്രേലിയയിലെ മലയാളികളുടെ വളര്‍ച്ച മുഖ്യമായും സിറോ മലബാര്‍ വിശ്വാസികളുടെ വളര്‍ച്ചയാണ്. 2014-ല്‍ മെല്‍ബണ്‍ സിറോ മലബാര്‍ രൂപത നിലവില്‍ വരുമ്പോള്‍ ഏകദേശ കണക്കുകള്‍ പ്രകാരം സിറോ മലബാര്‍ വിശ്വാസികളുടെ എണ്ണം 40000 ആയിരുന്നു. ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 85300 പേര്‍ സിറോ മലബാര്‍ വിശ്വാസികളായി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ഥാപിതമാകുമ്പോള്‍ രാജ്യത്ത് സ്വന്തമായി പള്ളിയോ മറ്റ് സ്ഥാപനങ്ങളോ ഇല്ലാതിരുന്ന മെല്‍ബണ്‍ രൂപത ഇപ്പോള്‍ 13 ഇടവകകളും 28 മിഷനുകളുമായി വളര്‍ച്ചയുടെ പാതയിലാണ്. ഇതിനോടകം അഡ്‌ലെയ്ഡിലും ബ്രിസ്ബനിലും പെര്‍ത്തിലും മെല്‍ബണിലും സ്വന്തമായി പള്ളികള്‍ നിലവില്‍ വന്നു. മെല്‍ബണിലെ കത്തീഡ്രല്‍ ദേവാലയത്തിന്റെയും ബ്രിസ്ബന്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലും ദേവാലയ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നു.

വിശ്വാസപരമായ ഉണര്‍വ്
രാജ്യത്ത് ആത്മീയ രംഗത്ത് ഉണ്ടായിട്ടുള്ള ഉണര്‍വാണ് മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി മാറുന്നതും ഇനിയുള്ള കാലങ്ങളില്‍ പ്രബലമാക്കപ്പെടുന്നതും. വിശ്വാസ ദീപം മങ്ങിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയ്ക്ക് വിളക്കില്‍ എണ്ണ പകരുന്ന അനുഭവമാണ് മലയാളി ക്രൈസ്തവരുടെ സാന്നിധ്യം. ആളൊഴിഞ്ഞ ദേവാലയങ്ങള്‍ പലതും ഊര്‍ജസ്വലമായി. സാധാരണ പ്രവൃത്തി ദിനങ്ങളില്‍ പോലും കുര്‍ബാനയ്ക്ക് വിശ്വാസികളായി. പതിവായി വരുന്ന വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതോടെ തദ്ദേശീയരായ വിശ്വാസികളും ദേവാലയത്തിലേക്ക് കൂടുതലായെത്തി.

മലയാളികള്‍ അധികമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഞായറാഴ്ച്ചകളിലും ആഘോഷ ദിനങ്ങളിലും ദേവാലയങ്ങള്‍ നിറഞ്ഞുകവിയുന്ന കാഴ്ച്ച ഇന്നു പുതുമയല്ല. സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം), ശാലോം ജീസസ് യൂത്ത്, മാതൃവേദി, കാത്തലിക് കോണ്‍ഗ്രസ്, നഴ്‌സസ് മിനിസ്ട്രി തുടങ്ങിയ ഭക്ത സംഘടനകളുടെ പ്രവര്‍ത്തനം ഓസ്‌ട്രേലിയന്‍ വിശ്വാസ സമൂഹത്തില്‍ പതിയെ സ്വാധീനം ചെലുത്തിത്തുടങ്ങി.

വയനാട്ടിലെ ആശ്രമ ജീവിതത്തില്‍നിന്നും ഓസ്‌ട്രേലിയന്‍ അജപാലനത്തിലേക്ക്

വയനാട്ടിലെ നിരവില്‍പ്പുഴ ഗ്രാമത്തില്‍ കാടിനാല്‍ ചുറ്റപ്പെട്ട 50 ഏക്കറോളം വരുന്ന സി.എം.ഐ സഭയുടെ ആശ്രമ സ്ഥലത്ത് ഒരു പ്രകൃതി പഠന കേന്ദ്രം ആരംഭിക്കാനുള്ള പ്രവൃത്തനങ്ങളില്‍ വ്യാപതനായിരിക്കുമ്പോഴാണ് ജോണ്‍ പനന്തോട്ടത്തില്‍ അച്ചന് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമടങ്ങുന്ന ഓഷ്യാന മുഴുവനിലെയും സിറോ മലബാര്‍ വിശ്വാസികളുടെ ഇടയനാകാനുള്ള ദൈവിക വിളിയെത്തിയത്.

ബ്രിസ്ബന്‍ അതിരൂപതയില്‍ 2015 മുതല്‍ 2020 വരെ അഞ്ചു വര്‍ഷക്കാലം സേവനം ചെയ്യാന്‍ സാധിച്ച അനുഭവ സമ്പത്ത് നിയുക്ത ഇടയന് പുതിയ ചുമതലയില്‍ കാര്യങ്ങള്‍ എളുപ്പമാകും. തലശേരി അതിരൂപതയിലെ പെരുമ്പുന്ന ഇടവകയില്‍ ജനിച്ച നിയുക്ത മെത്രാന്‍ 1982-ലാണ് സി.എം.ഐ സഭയില്‍ ചേര്‍ന്നത്. 1997-ല്‍ വൈദിക പട്ടം സ്വീകരിച്ച ശേഷം 10 വര്‍ഷക്കാലം അധ്യാപകനായും ഒന്‍പതു വര്‍ഷം സി.എം.ഐ സഭ പ്രൊവിന്‍ഷ്യാളായും പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.