കൊച്ചി: എറണാകുളം കത്തീഡ്രല്‍ ബസിലിക്ക തുറക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്നു അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു. കത്തീഡ്രല്‍ ബസിലിക്ക അടച്ചുപൂട്ടിയത് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആണെന്നുള്ള തെറ്റായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് വ്യക്തമായ പ്രസ്താവന നടത്തുന്നതെന്നു ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.
ബസിലിക്ക വികാരിയുമായുള്ള മുന്‍ധാരണ പ്രകാരം 2022 നവംബര്‍ 27 ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ 46 വാഹനങ്ങളില്‍ വന്നവരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഗേറ്റ് പൂട്ടി. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട് പോലീസ് ബസിലിക്ക അടച്ചെങ്കിലും അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ അപേക്ഷപ്രകാരം ബസിലിക്ക തുറക്കാന്‍ അനുവദിച്ചു.
ബസിലിക്ക തുറന്ന ഉടനെ സഭാധികാരികളുടെ തീരുമാനത്തിന് വിരുദ്ധമായി നിയമാനുസൃതമല്ലാത്ത കുര്‍ബാനകള്‍ ബസിലിക്കയില്‍ തുടര്‍ച്ചയായി അര്‍പ്പിക്കുകയും ചില വിശ്വാസികള്‍ അള്‍ത്താരയില്‍ കയറി അത് തടസപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ ബഹളത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും പോലീസ് ഇടപെട്ട് ജനങ്ങളെ ബസിലിക്കയില്‍ നിന്ന് പുറത്താക്കിയത്.
പിന്നീട് ബസിലിക്ക അടച്ചിടുവാന്‍ കാരണമായത് വികാരിയുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും നേതൃത്വത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഉണ്ടായ ധാരണ പ്രകാരമാണ്. എന്നാല്‍, ബസിലിക്ക അടച്ചിടാന്‍ ഉണ്ടായ തീരുമാനം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ അറിയുന്നത് പിന്നീടാണ്. ബസിലിക്ക അടച്ചിടാന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററാണ് കാരണക്കാരന്‍ എന്ന് പറയുന്നത് തികച്ചും തെറ്റാണ്.
സിനഡ് തീരുമാനത്തിന്റെയും പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള കല്പനകളുടെയും മാര്‍പാപ്പ എഴുതിയ രണ്ട് കത്തുകളുടെയും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് നല്‍കിയ നിയമന കല്പനയുടെയും അടിസ്ഥാനത്തില്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണരീതി മാത്രമേ ബസിലിക്കയില്‍ അനുവദനീയമായിട്ടുള്ളൂ. മറിച്ച് പൂര്‍ണ ജനാഭിമുഖ കുര്‍ബാന ചൊല്ലുകയാണെങ്കില്‍ അത് സഭാ നിയമങ്ങള്‍ക്ക് വിരുദ്ധവും, മാര്‍പാപ്പ തലവനായുള്ള കത്തോലിക്കാ സഭയിലെ കൂട്ടായ്മയ്ക്ക് എതിരായ പ്രവര്‍ത്തനമാകും.
അതിനാല്‍, ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി മാത്രമേ ബസലിക്കയില്‍ അനുവദിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ ബസിലിക്ക തുറന്ന് സഭ അനുശാസിക്കുന്ന രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ സഹകരിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും ആഹ്വാനം ചെയ്തു. സഭാ കൂട്ടായ്മയെ നശിപ്പിക്കുന്ന തെറ്റായ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ വിശ്വാസികളോടും വിനീതമായി അപേക്ഷിക്കുന്നതായും പ്രസ്താവനയില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26