പരാധീനതകള്‍ ജോബിക്ക് മുന്നില്‍ പരാജയപ്പെട്ടു; പാരാലിമ്പിങില്‍ സുവര്‍ണ നേട്ടങ്ങളുമായി ശ്രീനഗറില്‍ നിന്നും മടക്കം

പരാധീനതകള്‍ ജോബിക്ക് മുന്നില്‍ പരാജയപ്പെട്ടു; പാരാലിമ്പിങില്‍ സുവര്‍ണ നേട്ടങ്ങളുമായി ശ്രീനഗറില്‍ നിന്നും മടക്കം

ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ജോബി ലഹരി വിരുദ്ധ സന്ദേശവുമായി വാഹനമോടിച്ചത് 3600 കിലോമീറ്റര്‍

ശ്രീനഗര്‍: പിറന്നുവീണപ്പോഴേ ഇരുകാലിനും സ്വാധീനമില്ലാതിരുന്ന ജോബി മാത്യു തന്റെ പരാധീനതകള്‍ക്കു മുമ്പില്‍ പതറാതെ പോരാട്ടത്തിന്റെ പാത പിന്തുടരുകയാണ്. പാരാലിമ്പിങില്‍ ലോക ചാമ്പ്യന്‍ പട്ടം വരെ സ്വന്തമാക്കിയതിനു ശേഷം ഇപ്പോള്‍ മറ്റൊരു റിക്കാര്‍ഡിന്റെ നെറുകയില്‍. മൂന്നര അടി ഉയരം മാത്രമുള്ള ജോബി ശ്രീനഗറില്‍ നടക്കുന്ന നാഷ്ണല്‍ പാരാലിമ്പിങ് പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സ്വന്തമായി 3600 കിലോമീറ്റര്‍ ദൂരം വാഹനമോടിച്ചാണ് എത്തിയത്. പഞ്ചഗുസ്തി കേരള പുരുഷ ടീമിന്റെ നായകനാണ് ജോബി. 70 അംഗ സംഘമാണ് ജോബിയുടെ നേതൃത്വത്തില്‍ കാശ്മീരില്‍ പോരാട്ടത്തിന് എത്തിയത്.

ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമായിരുന്നു യാത്ര. 'ലഹരിക്കെതിരേ യുവത' എന്ന മുദ്രാവാക്യത്തോടെയായിരുന്നു ജോബിയുടെയും കുടുംബത്തിന്റെയും യാത്ര. പരാധീനതകളെ വെല്ലുവിളിയായി ഏറ്റെടുത്ത് യുവജനതയ്ക്ക് മാതൃകയായി മാറിയ ജോബി ശനിയാഴ്ച നടന്ന സീനിയര്‍ വിഭാഗം 65 കിലോഗ്രാമില്‍ താഴെയുള്ളവരുടെ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ നേട്ടത്തോടെ ദേശീയ ചാമ്പ്യനുമായി.

ഈ മാസം 19 നായിരുന്നു ജോബിയും ഭാര്യ നര്‍ത്തകിയായ മേഘയും മക്കളായ ജ്യോതിഷ്, വിദ്യുത് എന്നിവര്‍ക്കൊപ്പം കാശ്മീരിലേക്കു യാത്ര ആരംഭിച്ചത്. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്തതിനാല്‍ ബ്രേക്ക്, ആക്‌സിലേറ്റര്‍, ഇവയെല്ലാം കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയില്‍ സജ്ജമാക്കിയ കാറിലായിരുന്നു ഈ കുടംബത്തിന്റെ യാത്ര. ശ്രീനഗറിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 3600 കിലോമീറ്റര്‍ തിരിച്ചു കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജോബിയും കുടുംബവും.

തങ്ങളുടെ വാഹനത്തിന്റെ വശങ്ങളിലെല്ലാം ലഹരിക്കെതിരേയുള്ള ബോധവതകരണ വാക്കുകളും എഴുതിച്ചേര്‍ത്തായിരുന്നു ഇവരുടെ യാത്ര എന്നതു ശ്രദ്ധേയമായി. 45 വയസുകാരനായ ജോബി പാരാലിമ്പിങ് പവര്‍ ലിഫ്റ്റിംഗ്, പഞ്ചഗുസ്തി ഉള്‍പ്പെടെ ഉള്ളവയില്‍ ഇതിനോടകം 28 രാജ്യാന്തര മെഡല്‍ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

2022 ജൂണില്‍ കൊറിയയില്‍ നടന്ന ഏഷ്യ-ഓഷ്യാനോ ഓപ്പണ്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാലു സുവര്‍ണനേട്ടത്തിനും ഉടമയാണ്. പഞ്ചഗുസ്തിയില്‍ ജനറല്‍ കാറ്റഗറിയിലും നിരവധി രാജ്യാന്തര നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

പൊക്കമില്ലായ്മയെ അപകര്‍ഷതാ ബോധത്തോടെ മാത്രം കാണുന്ന സമൂഹത്തിലെ പ്രതിനിധികളാണ് നമ്മില്‍ ചിലരെങ്കിലും. എന്നാല്‍, സ്വന്തം കഴിവുകളെ ഉപയോഗിക്കുവാനോ പ്രയോജനപ്പെടുത്തുവാനോ കഴിയാതെ വരുമ്പോള്‍ വിധിയെയും സമയത്തെയും പഴിച്ചു ജീവിതം തകര്‍ക്കുന്നവര്‍ അദ്ദേഹത്തിന്റെ വിജയഗാഥയെ അടുത്തറിയണം.

മീനച്ചിലാറിന്റെ നീരുറവകള്‍ ഉത്ഭവിക്കുന്ന അടുക്കം മലനിരയിലേക്ക് ഈരാറ്റുപേട്ടയില്‍ നിന്നു കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ജോബി. 1970 കളില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് അടുക്കത്തേയ്ക്ക് കുടിയേറിയതാണീ കുടുംബം. മണ്ണിനെയും കൃഷിയെയും ജീവനു തുല്യം സ്നേഹിച്ച നെല്ലുവേലില്‍ തറവാട്ടിലെ മിടുക്കനായ ഈ ആണ്‍തരി എത്തിപ്പെടുന്ന മേഖലയില്‍ വിജയശ്രീലാളിതനായാണ് മടക്കം. മാത്യു-ഏലിക്കുട്ടി ദമ്പതികളുടെ മകനായ അദ്ദേഹം വൈകല്യങ്ങളെ മികവാക്കി മാറ്റുകയാണ്. നിലവില്‍ ആലുവയിലാണ് ജോബിയുടെ താമസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.