"നിങ്ങളെ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്, നിങ്ങൾ എന്നോടൊപ്പം ആയിരിക്കുന്നതിൽ നിങ്ങൾ സന്തുഷ്‌ടരാണെന്നു നിങ്ങളുടെ കണ്ണുകളിലൂടെ എനിക്ക് വായിക്കാൻ കഴിയും. നമ്മെ സ്നേഹിക്കുന്ന ദൈവത്തിന് ഓരോരുത്തരും മനോഹരമാണ്" 2020 സെപ്റ്റംബർ 21 ന് വത്തിക്കാനിലെത്തിയ ഓട്ടിസം ബാധിച്ച കൊച്ചുകുട്ടികളോടാണ് ഫ്രാൻസിസ് മാർപാപ്പ ഇത് പറഞ്ഞത്.
ഓസ്ട്രിയൻ ആംബുലേറ്റോറിയം സോനെൻഷെയിൻ സെന്റർ ഫോർ ഓട്ടിസത്തിൽ നിന്നുള്ള കുട്ടികൾ, അവരുടെ മാതാപിതാക്കൾ, സ്റ്റാഫ് എന്നിവരുൾപ്പെടെ 42 പേരെയാണ് പരിശുദ്ധ പിതാവ് വത്തിക്കാനില്‍ സ്വാഗതം ചെയ്തത്. 1995 ൽ സ്ഥാപിതമായ ഈ ആംബുലേറ്റോറിയം സോനെൻഷെൻ അല്ലെങ്കിൽ സൺഷൈൻ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കിൽ ചികിത്സക്ക് വിധേയരാകുന്ന കുട്ടികളാണ് അവര്‍.
നിങ്ങളുടെ വീടിനെ സോനെൻഷെയിൻ, അതായത് “സൂര്യപ്രകാശം” എന്ന് വിളിക്കുന്നു. "ഉത്തരവാദിത്വപ്പെട്ടവർ എന്തുകൊണ്ടാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് എനിക്ക് ഊഹിക്കാനാകും,” മാര്‍പാപ്പ പറഞ്ഞു. "കാരണം നിങ്ങളുടെ വീട് സൂര്യപ്രകാശത്തിലെ മനോഹരമായ പുൽമേടായി തോന്നുന്നു, വാസ്തവത്തിൽ, നിങ്ങൾ ഈ ഭവനത്തിന്റെ പൂക്കളാണ്! ദൈവം ലോകത്തെ എല്ലാ നിറങ്ങളിലുള്ള വൈവിധ്യമാർന്ന പുഷ്പങ്ങളാൽ സൃഷ്ടിച്ചു. ഓരോ പൂവിനും അതിന്റെ സവിശേഷമായ സൗന്ദര്യമുണ്ട്. നമ്മൾ ഓരോരുത്തരും ദൈവത്തിന്റെ ദൃഷ്ടിയിൽ സുന്ദരരാണ്, അവൻ നമ്മെ സ്നേഹിക്കുന്നു. നമുക്ക് ദൈവത്തോട് ‘നന്ദി’ പറയാം."
ദൈവത്തിന് നന്ദി പറയേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അടിവരയിട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു. "ജീവൻ എന്ന ദാനത്തിനു നന്ദി, എല്ലാ സൃഷ്ടികൾക്കും നന്ദി! മമ്മിക്കും ഡാഡിക്കും നന്ദി! ഞങ്ങളുടെ കുടുംബങ്ങൾക്ക് നന്ദി! സോനെൻഷെയിൻ സെന്ററിലെ സുഹൃത്തുക്കൾക്കും നന്ദി! ”
ദൈവത്തോട് നന്ദി പറയുന്നതു മനോഹരമായ പ്രാർത്ഥനയാണെന്ന് മാർപ്പാപ്പ പറഞ്ഞു: “ഈ പ്രാർത്ഥന ദൈവം ഇഷ്ടപ്പെടുന്നു. ഇതിനോട് കൂടി നിങ്ങൾക്ക് ഒരു ചെറിയ ചോദ്യവും ചേർക്കാം. ഉദാഹരണത്തിന്: നല്ല ഈശോയെ , മമ്മിയെയും ഡാഡിയെയും അവരുടെ ജോലിയിൽ സഹായിക്കാമോ? രോഗിയായ മുത്തശ്ശിക്ക് അല്പം ആശ്വാസം നൽകാമോ? അങ്ങേക്ക് ഈ ലോകത്തിലെ ആഹാരമില്ലാത്ത കുട്ടികൾക്ക് ഭക്ഷിക്കാൻ നൽകാമോ ? യേശുവേ, സഭയെ നന്നായി നയിക്കാൻ മാർപ്പാപ്പയെ സഹായിക്കണമെന്നു ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു. നിങ്ങൾ വിശ്വാസത്തോടെ ചോദിച്ചാൽ, കർത്താവ് തീർച്ചയായും നിങ്ങളെ കേൾക്കും."
മാതാപിതാക്കളോട് അവര്‍ ഈ കൊച്ചുകുട്ടികൾക്കുവേണ്ടി ചെയ്തപ്പോഴെല്ലാം യേശുവിനുവേണ്ടിയാണ് ചെയ്തത് എന്ന് മാര്‍പാപ്പ പറഞ്ഞു. എല്ലാ മാതാപിതാക്കൾക്കും തന്നോടൊപ്പമുള്ളവർക്കും അവിടെ സന്നിഹിതരായ എല്ലാവർക്കും ഫ്രാൻസിസ് മാർപാപ്പ ഹൃദയംഗമമായ നന്ദി അറിയിച്ചു. “ഈ മനോഹരമായ സംരംഭത്തിനും നിങ്ങളെ ചുമതലപ്പെടുത്തിയ കൊച്ചുകുട്ടികളോടുള്ള പ്രതിബദ്ധതയ്ക്കും നന്ദി,” അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ ഉപസംഹരിച്ചു : “എന്റെ പ്രാർത്ഥനയിൽ ഞാൻ നിങ്ങളെ ഓർക്കുന്നു. യേശു നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ, പരിശുദ്ധ അമ്മ നിങ്ങളെ സംരക്ഷിക്കട്ടെ,” അദ്ദേഹം പ്രാർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26