കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിങ് കരാറിൽ നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്ക് കമ്പനിയെ ഒഴിവാക്കി കൊച്ചി കോര്‍പറേഷന്‍. ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സോണ്‍ടയുമായി നിലനിന്നിരുന്ന കരാര്‍ കോര്‍പ്പറേഷ ൻ റദ്ദാക്കിയത്. സോണ്ടയെ കരിമ്പട്ടികയില്‍ പെടുത്താനും കൗണ്‍സില്‍ തീരുമാനിച്ചു.
കരാര്‍ വ്യവസ്ഥയില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് കോര്‍പറേഷന്‍ നല്‍കിയ നോട്ടിസിന് സോണ്‍ട നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. ബയോമൈനിങിനായി കോര്‍പറേഷന്‍ പുതിയ ടെന്‍ഡര്‍ വിളിക്കും. ഇതിന്റെ ചിലവ് സോണ്‍ടയില്‍ നിന്ന് ഈടാക്കും. സോണ്ടയുമായി കോടതിയില്‍ നിലവിലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സെക്രട്ടറിയെ കൗണ്‍സില്‍ ചുമതലപ്പെടുത്തി.
ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വേസറ്റ് ടു എനര്‍ജി പ്ലാന്റ് നിര്‍മാണത്തിനായി സോണ്‍ടയുമായി ഒപ്പിട്ടിരുന്ന കരാറില്‍ നിന്നും കോര്‍പ്പറേഷന്‍ പിന്‍മാറി. പകരം മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി കൈകോർക്കും.
ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിനായി 100 ടണ്‍ സംസ്‌കരണ ശേഷിയുള്ള പുതിയ വിന്‍ഡ്രോ കംപോസ്റ്റിംഗ് പ്ലാന്റ് ആവശ്യപ്പെടാനും കൗണ്‍സിലില്‍ തീരുമാനിച്ചു. മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മാണം വൈകുമെന്നതിനാലാണ് പുതിയ വിന്‍ഡ്രോ കംപോസ്റ്റിംഗ് പ്ലാന്റ് നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
50 ടണ്‍ സംസ്‌കരണ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ 120 ടണ്‍ മാലിന്യം പുറംതള്ളുന്ന കൊച്ചിയില്‍ 50 ടണ്‍ പ്ലാന്റ് അപര്യാപ്തമാണെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് 100 ടണ്ണിന്റെ പ്ലാന്റ് ആവശ്യപ്പെടുന്നത്.
ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിച്ചും വികേന്ദ്രീകരണം കാര്യക്ഷമമാക്കിയും ബ്രഹ്മപുരത്ത് എത്തിക്കുന്ന ജൈവമാലിന്യത്തിന്റെ അളവ് 100 ടണ്ണില്‍ താഴെയായി കുറയ്ക്കാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.