രാമനാഥപുരം രൂപത, പ്രഥമ രൂപതാ അസംബ്ലി ജൂൺ 9 മുതൽ 11 വരെ

രാമനാഥപുരം രൂപത, പ്രഥമ രൂപതാ അസംബ്ലി ജൂൺ 9 മുതൽ 11 വരെ

കോയമ്പത്തൂർ: രാമനാഥപുരം രൂപതയുടെ പ്രഥമ രൂപതാ അസംബ്ലി സാന്തോം പാസ്റ്ററൽ സെന്ററിൽ ജൂൺ 9, 10, 11 തീയതികളിൽ നടത്തുന്നു. നമ്മുടെ ജീവിതവും ദൗത്യവും ഈശോയിലേക്കും പരിശുദ്ധ ത്രീത്വത്തിലേക്കും എത്തിനില്ക്കാൻ നാം നമ്മെത്തന്നെ, നമ്മുടെ സംവിധാനങ്ങളെ ഇന്നത്തെ മാറിയ സാഹചര്യങ്ങളിൽ എങ്ങനെ പുന:നിർണയം, പുന: സംവിധാനം ചെയ്യണമെന്നും പ്രാർത്ഥനാപൂർവ്വമായ ഈ പഠന കളരിയിൽ, ക്രിസ്തീയ ജീവിതവും വിശ്വാസ പരിശീലനവും സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും സുവിശേഷ വത്കരണ ദൗത്യവും മാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗവും അതി വിശാലമായ രൂപതയുടെ റീജിയണൽ തലത്തിലുള്ള പ്രവർത്തനങ്ങളും ഇന്നത്തെ സാഹചര്യങ്ങളിൽ ഒരു കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ട രാഷ്ട്രീയ സാമൂഹിക നിലപാടും ഈ അസംബ്ലിയിൽ പഠന വിഷയമാകുമെന്ന് രൂപത അധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സൂചിപ്പിച്ചു.

രൂപതയിലെ വൈദിക സമിതി, പാസ്റ്ററൽ കൗൺസിൽ, ആലോചന സമിതി തുടങ്ങി വിവിധ സമിതികളിൽ വിഷയ നിർണയത്തെക്കുറിച്ച് നടത്തിയ ചർച്ചകൾക്കൊടുവിൽ 'സീറോ മലബാർ സഭയുടെ ദൗത്യവും ജീവിതവും, കാലഘട്ടത്തിന്റെ ആവശ്യങ്ങളോടുള്ള പ്രതികരണം - രാമനാഥപുരം രൂപതയുടെ പ്രത്യേക പശ്ചാത്തലത്തിൽ' എന്ന ആശയമാണ് അസംബ്ലി സ്വീകരിച്ചിരിക്കുന്നത്. ഇതിന് ഉപോത്ബലമായ കരടുരേഖയും ചോദ്യാവലിയും അടിസ്ഥാനമാക്കി വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളുടെ റിപ്പോർട്ടുകളെ ആധാരമാക്കി അസംബ്ലിയുടെ ചർച്ചകൾക്കുള്ള 'പ്രവർത്തന മാർഗരേഖ' തയ്യാറാക്കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി ക്രിസ്തീയ ആദ്ധ്യാത്മികതയും സാക്ഷ്യവും, രൂപതയുടെ മേഖലാ ഫൊറോന സംവിധാനങ്ങൾ, വിശ്വാസ പരിശീലനം, കുടുംബ ശക്തികരണം, സുവിശേഷവൽക്കരണം തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങൾ, കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ട സാമൂഹിക രാഷ്ട്രീയ നിലപാട് എന്നീ ഏഴു വിഷയങ്ങൾ അസംബ്ലി ചർച്ച ചെയ്യും. 

 രാമനാഥപുരം രൂപതയുടെ രജത ജൂബിലിക്ക് അടുത്ത ഒരുക്കമായി സംഘടിപ്പിച്ചിരിക്കുന്ന ഈ രൂപതായോഗം ഏറെ ദിശാബോധവും നിശ്ചയദാർഢ്യവും പകരുന്ന ഒന്നാകുവാനും ഇതിൽ പങ്കെടുക്കുന്നവർക്കും ഇതിന് നേതൃത്വം നൽകുന്നവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും രൂപതാദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26