ന്യൂഡല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണെന്നും സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി. കര്‍ഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അവര്‍ വെറും ആള്‍ക്കൂട്ടം മാത്രമല്ലെന്നും ഉന്നത നീതിപീഠം നിരീക്ഷിച്ചു. കര്‍ഷക സമരത്തിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ ഹനിക്കാതെ എത്ര കാലവും സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. കര്‍ഷക സമരം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കാര്‍ഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോള്‍ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വഴി തടഞ്ഞുള്ള സമരം കര്‍ഷകര്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പ്രശ്‌നങ്ങളും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങണമെന്നും ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ തുടരട്ടെ എന്ന നിര്‍ദ്ദേശവും അറ്റോര്‍ണി ജനറല്‍ മുന്നോട്ടു വച്ചു. ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ നിയമം നടപ്പിലാക്കുന്നത് നിര്‍ത്തി വയ്ക്കാമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ നിയമം നടപ്പാക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ കര്‍ഷക സംഘടനകള്‍ ചര്‍ച്ചയ്ക്ക് വരില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ ബോധിപ്പിച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്കു സമരം ചെയ്യാം. എന്നാല്‍ സമര രീതി എങ്ങനെ മാറ്റാനാവുമെന്ന് കര്‍ഷക സംഘടനകള്‍ പറയണം. ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും സമരം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് തേടുന്നതെന്നും കോടതി വ്യക്തമാക്കി. സമരം ഇന്ന് 22-ാം ദിവസത്തിലേക്കു കടന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന സുപ്രീം കോടതി നിര്‍ദേശം സ്വീകര്യമല്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കുകയാണ് ഏക പോംവഴിയെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.