രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സോഷ്യല്‍ മീഡിയ ഇടപെടലിനും നിയന്ത്രണം; പെരുമാറ്റ ചട്ടം പുറത്തിറക്കി എന്‍എസ്എസ് മാനേജ്‌മെന്റ്

രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സോഷ്യല്‍ മീഡിയ ഇടപെടലിനും നിയന്ത്രണം; പെരുമാറ്റ ചട്ടം പുറത്തിറക്കി എന്‍എസ്എസ് മാനേജ്‌മെന്റ്

ചങ്ങനാശേരി: എന്‍എസ്എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പെരുമാറ്റ ചട്ടം പുറത്തിറക്കി കോളജ് സെന്‍ട്രല്‍ കമ്മിറ്റി. സോഷ്യല്‍ മീഡിയ ഇടപെടലും രാഷ്ട്രീയ പ്രവര്‍ത്തനവും നിയന്ത്രിക്കണമെന്നതാണ് കമ്മിറ്റി പുറത്തുവിട്ട സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം.

സര്‍ക്കുലറിലെ നിര്‍ദേശ പ്രകാരം സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍, ടിവി ഷോകളിലും സംവാദങ്ങളിലും പങ്കെടുക്കല്‍ തുടങ്ങിയവയ്ക്ക് മാനേജ്‌മെന്റിന്റെയോ പ്രിന്‍സിപ്പലിന്റെയോ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ഈ അധ്യയന വര്‍ഷം മുതല്‍ കേരള സര്‍ക്കാര്‍, യുജിസി, യൂണിവേഴ്സിറ്റി എന്നിവയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ഥികളുടെയോ അധ്യാപക, അനധ്യാപകരുടെയോ രാഷ്ട്രീയ, സംഘടനാ ആവശ്യങ്ങള്‍ക്കായി ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലബോറട്ടറികള്‍, സെമിനാര്‍ ഹാളുകള്‍, കാമ്പസിലെ തുറസായ സ്ഥലങ്ങള്‍ എന്നിവയൊന്നും അനുവദിക്കാനാവില്ല. പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള അനുമതിയോടെ അക്കാദമിക് ആവശ്യങ്ങള്‍ക്കായി മാത്രമേ ഇവ ഉപയോഗിക്കാവൂ.

കലാലയത്തിനുള്ളിലും വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലും പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ. മറ്റുള്ളവയെല്ലാം ഒഴിവാക്കണം. അതുപോലെ കേരള സര്‍ക്കാര്‍, ഇന്ത്യാ ഗവണ്‍മെന്റ്, നായര്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ കലണ്ടറുകള്‍ മാത്രമേ ഉപയോഗിക്കാവൂ.

എയ്ഡഡ് കോളജുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യുജിസി അനുശാസിക്കുന്ന എല്ലാ നിയമപരമായ വ്യവസ്ഥകളും പ്രൊഫഷണല്‍ പെരുമാറ്റ ചട്ടങ്ങളും ബാധകമാണ്. ഇത്തരം ചട്ടങ്ങള്‍ക്ക് കീഴില്‍ വരുന്ന ജീവനക്കാര്‍ പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും കലാലയ രാഷ്ട്രീയത്തെപ്പറ്റി പ്രതിപാദിക്കുന്ന ലിംഗ്ദോ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.