മോൺ. ഫ്രാൻസിസ് കോലഞ്ചേരി
മെൽബൺ: കഴിഞ്ഞ ഒൻപത് വർഷം മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഇടയനായിരുന്ന വിരമിച്ച മാർ ബോസ്‌കോ പുത്തൂർ പിതാവിന് രൂപത അജഗണങ്ങളുടെ സ്‌നേഹോഷ്മളമായ നന്ദിയും ആദരവും. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ കൂരിയ മെത്രാൻ സ്ഥാനത്തു നിന്നും തികച്ചും പ്രാരംഭ ദിശയിലായിരുന്ന മെൽബൺ രൂപതയുടെ പ്രഥമ മെത്രാനായി 2014 മാർച്ച് 25 ന് സ്ഥാനമേറ്റതു മുതൽ നാളിതു വരെയുള്ള മാർ ബോസ്‌കോ പുത്തൂരിന്റെ പ്രവർത്തനങ്ങൾ മുഴുവൻ ക്രൈസ്തവ വിശ്വാസികൾക്കു മാതൃകയും വഴികാട്ടിയുമാണ്. ഓസ്ട്രേലിയയിലെ പ്രവാസി രൂപതയുടെ അജപാലന ദൗത്യം ഏറ്റെടുത്തതു മുതൽ, മെൽബൺ രൂപതയിലെ ബിഷപ്പ് ഹൗസിൽ പരിമിതമായ സൗകര്യത്തിൽ തൃപ്തിപ്പെട്ട് അങ്ങേയറ്റത്തെ ദാരിദ്ര്യ വ്രതം സ്വീകരിച്ച പിതാവ് സമർപ്പിതർക്ക് എന്നും മാതൃകയാണ്.
ലാളിത്യവും എളിമയും കൈമുതലാക്കിയ പിതാവിനെ വളരെ സ്നേഹത്തോടെയാണ് വൈദികരും രൂപത നേതൃത്വം യാത്രയാക്കുന്നത്. 2014ൽ ഓസ്ട്രേലിയ സീറോ മലബാർ രൂപതയുടെ മെത്രാനായി സ്ഥാനമേൽക്കുമ്പോൾ സ്വന്തമായി പള്ളിയോ മറ്റ് സംവിധാനങ്ങളെ ഇല്ലാതിരുന്ന സീറോ മലബാർ സഭ ഇന്ന് 15 ഇടവകകളും 28 മിഷനുകളുമായി വളർന്നത് പിതാവിന്റെ നിതാന്ത പരിശ്രമവും ദീർഘ വിക്ഷണവും നിമിത്തമാണ്. ഇതിനു പുറമെ സ്യൂസിലാൻഡിലും 15 മിഷൻ സെന്ററുകളുണ്ട്. ബ്രിസ്ബൻ, മെൽബൺ, അഡലെയ്ഡ്, പെർത്ത് എന്നിവടങ്ങളിൽ ഇതിനോടകം രൂപതയ്ക്ക് സ്വന്തമായി ദേവാലയങ്ങൾ നിലവിൽ വന്നു.
ഇടവക സമൂഹം സ്വന്തമായി സ്ഥലം വാങ്ങി പണി കഴിപ്പിച്ച ദേവാലയങ്ങളാണ് പെർത്തിലും മെൽബൺ വെസ്റ്റിലും ഉള്ളത്. ഇപ്പോൾ മെൽബൺ രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിന്റെയും മെൽബൺ സത്ത് ഈസ്റ്റിൽ മറ്റൊരു ദേവാലയത്തിന്റെയും നിർമ്മാണം പുരോഗമിക്കുന്നു. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള വൈദികരും വിശ്വാസികളുമാണ് ഓസ്ട്രലിയയിൽ ഉള്ളതെങ്കിലും കുർബാന അർപ്പണ രീതിയിൽ ഒത്തൊരുമ കൈവരിക്കാനായത് ബോസ്‌കോ പിതാവിന്റെ ആത്മീയ നേതൃത്വത്തിന്റെ മികവിന് ഉദാഹരണമാണ്. ഓസ്ട്രേലിയയിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന രൂപതയുടെ ആത്മീയ അധികാര പദവി 2021 ൽ സ്യൂസിലാൻഡിലേക്കും ഓഷ്യാന മുഴുവനിലേക്കും വ്യാപിപ്പിക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തീരുമാനിപ്പിച്ചതിന് പിന്നിലും മാർ ബോസ്‌കോ പിതാവിന്റെ ചിട്ടയായ പ്രവർത്തനവും പരിശ്രമവുമായിരുന്നു.
പ്രായാധിക്യത്തെ അവഗണിച്ചു പ്രവർത്തിക്കുവാനും വിദൂരമായ ഇടവക സമൂഹത്തിലേയ്ക്ക് യാത്ര ചെയ്യാനും പിതാവ് കാണിച്ച താല്പര്യം എടുത്തു പറയേണ്ടതാണ്. രൂപതയിലെ വിശ്വാസ പരിശീലനം, യൂത്ത് അപോസ്റ്റലേറ്റ്, പ്രൊഫഷണൽ സ്റ്റാന്റേഡ്സ് (safeguarding), മാതൃവേദി, അൾത്താര ശുശ്രുഷകരുടെ കൂട്ടായ്മ, നഴ്‌സസ് മിനിസ്ട്രി, ഇവാൻജെലിസഷൻ മിനിസ്ട്രി, കത്തോലിക്കാ കോൺഗ്രസ് തുടങ്ങി രൂപതയിലെ ഓരോ സംഘടനകളെയും ശ്ുശ്രൂഷകളെയും ശക്തിപ്പെടുത്തുന്നതിന് പിതാവിനുണ്ടായിരുന്ന ദീർഘ വീക്ഷണവും പ്രവർത്തനവും എടുത്തു പറയേണ്ടതാണ്. സ്വന്തമായി വൈദികരില്ലാത്ത രൂപതയ്ക്ക് വൈദികരെ കണ്ടെത്തിയത് മുതൽ രൂപതയ്ക്കായി കേരളത്തിൽ മൈനർ സെമിനാരി ആരംഭിച്ചതും ദൈവ വിളി പ്രോത്സാഹിപ്പിച്ചതുമെല്ലാം പുത്തൂർ പിതാവിന്റെ മികവുറ്റ പ്രവർത്തങ്ങളിൽ ചിലതു മാത്രം.
രൂപതാധ്യക്ഷസ്ഥാനത്തു നിന്നും വിരമിച്ച മാർ ബോസ്‌കോ പിതാവ് ഇനി പ്രേക്ഷിത ദൗത്യത്തിലേക്ക് മടങ്ങുന്നു എന്നത് അനേകർക്ക് ആവേശം പകരുന്നതാണ്. ഒഡീഷയിലെ കോരപൂട് പ്രദേശത്തെ സീറോ മലബാർ പ്രേഷിത രംഗത്തിലേക്കാണ് ഇനി പിതാവ് പ്രവേശിക്കുക എന്നതും ഏവർക്കും മാതൃകയാണ്. മെൽബൺ രൂപതയുടെ പൂതിയ ഇടയൻ സ്ഥാനമേൽക്കുന്നതിനു പിന്നാലെ പിതാവ് തന്റെ പുതിയ കർമ്മ മണ്ഡലമായ ഒഡീഷയിലേയ്ക്ക് യാത്രയാകും. മെൽബൺ രൂപതാ സമൂഹത്തിലെ മുഴുവൻ വൈദികരുടെയും വിശ്വാസികളുടെയും പേരിൽ അങ്ങേയ്ക്ക് സ്‌നേഹ പ്രമാണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26