'ജയ് ശ്രീറാം' ഫ്ളക്സ് വിവാദം: പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

 'ജയ് ശ്രീറാം' ഫ്ളക്സ് വിവാദം:  പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

പാലക്കാട്: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ ബി.ജെ.പി പ്രവര്‍ത്തകരുടെ നടപടി വിവാദമായി. ഭരണഘടനാ സ്ഥാപനത്തില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ്. ബിജെപിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

പാലക്കാട് നഗരസഭാ ഭരണം ഉറപ്പാക്കിയതില്‍ ആവേശംമൂത്ത ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ മന്ദിരത്തിന് മുകളില്‍ കയറി രണ്ട് ഫ്ളക്സുകള്‍ തൂക്കുകയായിരുന്നു. ഒന്നില്‍ ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്ത ശിവാജിയുടെ ചിത്രവും രണ്ടാമത്തെതില്‍ മോദിയുടെയും അമിത് ഷായുടെയും ചിത്രത്തിനൊപ്പം വന്ദേമാതരം എന്നുമാണ് എഴുതിയിരുന്നത്.

ഇങ്ങനെയും ചിലത് കാണേണ്ടിവരുന്നത് ജനാധിപത്യത്തിന്റെ ദുര്യോഗമെന്ന് വി.ടി ബല്‍റാം എം.എല്‍.എ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നതെന്നും വിഷയത്തില്‍ പരാതി നല്‍കുമെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ എം.പിയും പറഞ്ഞു.

എന്നാല്‍ ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയല്ല ഇത്തരമൊരു സംഭവമുണ്ടായതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ഇവ മാറ്റാനുള്ള നിര്‍ദേശം നല്‍കിയിരുന്നുവെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് വ്യക്തമാക്കി. ഫ്ളക്സ് തൂക്കിയ ഉടന്‍ അവ നീക്കം ചെയ്യിച്ചെന്നാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന്റെ വിശദീകരണം. പരാതി ഇല്ലാത്തതിനാല്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.