വത്തിക്കാൻ സിറ്റി: മംഗോളിയൻ സന്ദർശനത്തിനൊരുങ്ങി ഫ്രാൻസിസ് മാർപ്പാപ്പ. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെയാണ് മാർപ്പാപ്പയുടെ മംഗോളിയൻ സന്ദർശനം. തന്റെ നാല്പത്തി മൂന്നാമത് അന്താരാഷ്‌ട്ര അപ്പസ്തോലിക യാത്രയാണ് മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്നത്. കത്തോലിക്കർ ഏറെ കുറവുള്ള മംഗോളിയ റഷ്യയുടെയും ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന വളരെ ചെറിയ ഒരു രാജ്യമാണ്.
യാത്രയുടെ വിശദ വിവരങ്ങൾ തുടർ ദിവസങ്ങളിൽ അറിയിക്കുമെന്ന് വത്തിക്കാൻ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു. വത്തിക്കാനിലെ മിഷനറി പ്രവർത്തനങ്ങളുടെ വാർത്താ ഏജൻസിയായ ഫിഡെസ് പറയുന്നതനുസരിച്ച് മംഗോളിയയിൽ ഏകദേശം 3.3 ദശലക്ഷം ജനസംഖ്യയിൽ 1,300 പേർ മാത്രമാണ് മാമോദീസ സ്വീകരിച്ചിട്ടുള്ളത്. മതപരമായ ഐഡന്റിറ്റി പ്രകടിപ്പിക്കുന്നവരിൽ 87.1 ശതമാനം പേർ ബുദ്ധമതക്കാരും 5.4 ശതമാനം മുസ്ലീങ്ങളും 4.2 ശതമാനം ഷാമനിസ്റ്റുകളും 2.2 ശതമാനം ക്രിസ്ത്യാനികളും 1.1 ശതമാനം മറ്റ് മതങ്ങളുടെ അനുയായികളുമാണ്. മംഗോളിയയിൽ 20 വർഷത്തോളം മിഷനറിയായി സേവനമനുഷ്ഠിച്ച ഇറ്റലി വൈദികനെ കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായി തിരഞ്ഞെടുത്തിരുന്നു.
വേനൽ കാലത്ത് 40 ഡിഗ്രിക്കു മുകളിലും, ശൈത്യ സമയത്ത് 40 ഡിഗ്രിക്ക് താഴെയും താപനില ഉള്ള മംഗോളിയ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്. മൂന്നിലൊന്നു ശതമാനം ആളുകൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഈ രാജ്യം സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ച ആഗ്രഹം യാഥാർഥ്യമാവുകയാണ് ഈ അപ്പസ്തോലിക യാത്രയിലൂടെ.
റഷ്യയുടെയും ചൈനയുടെയും അതിർത്തിയിലുള്ള ഈ മിഷൻ രാജ്യത്തിന്റെ ഭൗമിക രാഷ്ട്രീയ പ്രാധാന്യവും എടുത്തു പറയേണ്ടതാണ്. ലോകത്തിന്റെ ഈ മേഖലയിൽ പാപ്പാ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്നതും, സമാധാനത്തിനായുള്ള തന്റെ പരിശ്രമങ്ങൾക്ക് അഹിംസാത്മകവും വിവേകപൂർണ്ണവുമായ പരിഹാരങ്ങൾ കണ്ടെത്തുവാനും പാപ്പായുടെ സന്ദർശനം ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ലോകം മുഴുവൻ.
ഈ ഓഗസ്റ്റിൽ ലോക യുവജന ദിനത്തിൽ മാർപ്പാപ്പ പോർച്ചുഗലിലെ ലിസ്ബണും ഫാത്തിമ മാതാ ദേവാലയവും സന്ദർശിക്കും. തെക്കൻ ഫ്രാൻസിൽ സെപ്റ്റംബർ 23ന് നടക്കുന്ന ബിഷപ്പുമാരുടെ യോഗത്തിന് അധ്യക്ഷത വഹിക്കാൻ മാർസെയിലിലേക്ക് മാർപ്പാപ്പ പോകുമെന്ന സൂചനയുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26