മുന്നറിയിപ്പുകൾ അവഗണിച്ചു, കവച് നാല് ശതമാനം ഭാഗത്തു മാത്രം; വീഴ്ചകൾ നിരത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുന ഖാർഗെ

മുന്നറിയിപ്പുകൾ അവഗണിച്ചു, കവച് നാല് ശതമാനം ഭാഗത്തു മാത്രം; വീഴ്ചകൾ നിരത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുന ഖാർഗെ

ന്യൂഡൽഹി: ഒഡിഷ ട്രെയിൻ ദുരന്തത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന്ന ഖാർഗെ. ബാലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവെ നേരിടുന്ന പതിനൊന്ന് പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്.

റെയിൽവെയിൽ ഏതാണ്ട് മൂന്നു ലക്ഷത്തോളം ഒഴിവുകളുണ്ട്. ഇത്രയും ഒഴിവുകളുള്ളത് കൊണ്ട് തന്നെ ലോക്കോപൈലറ്റുമാർ അധിക സമയം ജോലിയെടുക്കേണ്ടി വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. സിഗ്നലിങ് സംവിധാനത്തിന്റെ തകരാറുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ദക്ഷിണ റെയിൽവെയിലെ ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവെ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാൽ ആ കത്ത് പരിഗണിക്കപ്പെട്ടില്ല. റെയിൽ സുരക്ഷയെ കുറിച്ചുള്ള പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് അവഗണിക്കപ്പെട്ടു. പാളം തെറ്റലും സുരക്ഷയും സംബന്ധിച്ച സി.ഐ.ജിയുടെ റിപ്പോർട്ടും പരിഗണിച്ചില്ല. റെയിൽവെയ്ക്കായി നീക്കി വെക്കുന്ന പണത്തിന്റെ അളവ് എന്തുകൊണ്ട് ഓരോ വർഷവും കുറയുന്നു.

കവച് പദ്ധതിയെന്തു കൊണ്ട് രാജ്യത്ത് നാലു ശതമാനം ഭാഗത്തു മാത്രം നടപ്പിലാക്കി. ബാക്കി 96 ശതമാനം സ്ഥലങ്ങളിൽ എന്തു കൊണ്ട് പദ്ധതി നടപ്പിലാക്കിയില്ല. റെയിൽ ബജറ്റും യൂണിയൻ ബജറ്റും ഒന്നിച്ചാക്കാനുള്ള തീരുമാനം എന്തിനു വേണ്ടിയാണ്. റെയിൽവെയ്ക്കു ലഭിക്കുന്ന പ്രത്യേക പരിഗണന ഇല്ലാതാക്കുന്നതല്ലേ ഈ തീരുമാനം. പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇളവുകൾ എന്തിനാണ് റെയിൽവെ എടുത്തു മാറ്റിയത്. അപകട കാരണം കണ്ടെത്തിയെന്ന് റെയിൽവെ മന്ത്രി പറയുന്നു. അതേ മന്ത്രി തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതെങ്ങനെ നീതികരിക്കാനാകും. എന്താണ് ഇതിന്റെ അടിസ്ഥാനം.

2016 ൽ കാൺപുരിൽ അപകടമുണ്ടായി 150 പേർ മരിച്ചു ആ ദുരന്തത്തിനു പിന്നാലെ അപകടത്തിൽ ഗൂഢാലോചനയുണ്ടെന്ന് പ്രധാനമന്ത്രി ഒരു പൊതു വേദിയിൽ പറഞ്ഞു. കേസന്വേഷണം എൻ.ഐ.എയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ എൻ.ഐ.എ. 2018 ൽ ഒരു ചാർജ് ഷീറ്റു പോലും ഫയൽ ചെയ്യാതെ കേസ് അവസാനിപ്പിച്ചു. ആ സംഭവത്തിന്റെ ഉത്തരവാദി ആരാണെന്നും പ്രധാനമന്ത്രിയ്‌ക്കെഴുതിയ കത്തിൽ ഖാർഗെ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.