സാമ്പത്തിക സ്രോതസുകളാവശ്യമാണെങ്കിലും മിഷണറി പ്രവർത്തനത്തിന്റെ അടിസ്ഥാനം പണമാകരുത്: ഫ്രാൻസിസ് മാർപ്പാപ്പ

സാമ്പത്തിക സ്രോതസുകളാവശ്യമാണെങ്കിലും മിഷണറി പ്രവർത്തനത്തിന്റെ അടിസ്ഥാനം പണമാകരുത്: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: യേശുവിന്റെ ഹൃദയത്തിൽ നിന്ന് പ്രവഹിക്കുന്ന കരുണയും അനുകമ്പയും എല്ലാവരിലേക്കും എത്തിക്കുന്നത് തുടരണമെന്ന് പൊന്തിഫിക്കൽ മിഷൻ സമൂഹത്തോട് ഫ്രാൻസിസ് മാർപ്പാപ്പ. വാർഷിക പൊതു സമ്മേളനത്തിനായി റോമിൽ ഒത്തുകൂടിയ പൊന്തിഫിക്കൽ മിഷൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

സ്വഭാവത്താലേ പ്രേഷിതയായ സഭയിൽ അംഗങ്ങളായ എല്ലാവർക്കും ഈ ദൗത്യം മുൻപോട്ടു കൊണ്ടുപോകുവാനുള്ള കടമയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിച്ചു കൊണ്ട് യേശുവിന്റെ പ്രവർത്തനങ്ങൾ തുടരുവാൻ ലോകത്തിലേക്ക് അയക്കപ്പെടുന്ന ഓരോ ക്രിസ്ത്യാനിയും, സുവിശേഷത്തിന്റെ സന്തോഷം മുറിവേറ്റ ഹൃദയങ്ങളിലേക്ക് എത്തിക്കണമെന്ന് മാർപ്പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഈ ശിഷ്യത്വം കൈവരുന്നത് ക്രിസ്തു സ്നേഹത്തിനു നമ്മെ തന്നെ വിട്ടുകൊടുക്കുമ്പോഴാണ്. അങ്ങനെ യേശുവിന്റെ വിലാവിൽ നിന്നുമൊഴുകുന്ന കരുണയുടെയും, സ്വാന്തനത്തിന്റെയും വാഹകരായി മാറുവാൻ സാധിക്കും. അതിനാൽ നമ്മുടെ ബലഹീനമായ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ വരവിനായി നാം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് പാപ്പാ എടുത്തു പറഞ്ഞു.

എല്ലാ അപ്പോസ്തോലിക ദൗത്യവും ജനിച്ചത് ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്ന്

യേശുവിന്റെ തിരു ഹൃദയത്തോട് വളരെയധികം അർപ്പണമുണ്ടായിരുന്ന സഭ സ്ഥാപകയായ വാഴ്ത്തപ്പെട്ട പോളിൻ മേരി ജാരിക്കോട്ടിന്റെ ജീവിതത്തെക്കുറിച്ച് മാർപ്പാപ്പ ഓർമിപ്പിച്ചു. യേശുവിന്റെ കരുണയും അനുകമ്പയും ജീവിതത്തിൽ പ്രാവർത്തികമാക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ മനുഷ്യരാശിക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയുടെ മഹത്വവും അവന്റെ സ്നേഹത്തിന്റെ അനന്തമായ അളവും അനുഭവിക്കാൻ സാധിക്കുമെന്ന് പാപ്പ പറഞ്ഞു.

എല്ലാ ദൈവ ജനങ്ങളിലും മിഷനറി മനോഭാവം വളർത്തണം

പരിശുദ്ധാത്മാവിന്റെ ധീരതയോടും സർഗ്ഗാത്മകതയോടും കൂടി പുതുതായി സുവിശേഷവൽക്കരിക്കപ്പെട്ട രാജ്യങ്ങളിൽ മാത്രമല്ല പുരാതന ക്രിസ്ത്യൻ പാരമ്പര്യമുള്ള, ഗുരുതരമായ വിശ്വാസ പ്രതിസന്ധിയാൽ കഴിയുന്ന പ്രദേശങ്ങളിൽ മിഷനറി പ്രയത്നങ്ങൾ തീവ്രമാക്കണം. പിതാവു നമ്മോട് കാണിക്കുന്ന ഈ സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകുകയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യണ്ടത്. അതിനാൽ നാം ക്രിസ്തു ഹൃദയത്തിന്റെയും, ദൈവ പിതാവിന്റെ സ്നേഹത്തിന്റെയും അടയാളമായി ഈ ലോകത്തിൽ പ്രേഷിതരായി മാറണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ദൗത്യം പണമല്ല, ആത്മീയതയാണ്

സാമ്പത്തിക സ്രോതസ്സുകൾ ആവശ്യമായി വരുമെങ്കിലും, പണം മിഷനറി പ്രവർത്തനങ്ങളുടെ എല്ലാം ആകരുത്. മിഷണറി പ്രവർത്തനം ഒരു ബിസിനസ്സായി മാറുകയാണെങ്കിൽ അവിടെ അഴിമതിക്കുള്ള സാധ്യതകളേറും. പണത്തിനുമപ്പുറം പ്രേഷിത പ്രവർത്തനങ്ങൾ നടത്തുവാനും, പരിശുദ്ധാത്മ ചൈതന്യത്തിൽ പ്രേഷിത ജീവൻ പ്രദാനം ചെയ്യുവാൻ പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങൾക്ക് സാധിക്കണമെന്നും പാപ്പാ പറഞ്ഞു.

പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയിലെ അംഗങ്ങളുടെ ഉദാരമായ സേവനത്തിന് ഫ്രാൻസിസ് മാർപാപ്പ നന്ദിയും പറഞ്ഞു. പ്രവർത്തനങ്ങൾ പലതും തിരശ്ശീലയ്ക്ക് പിന്നിലാണ് നടക്കപ്പെടുന്നത്. നിങ്ങൾ എപ്പോഴും അപ്പോസ്തോലിക തീക്ഷ്ണതയാൽ ജ്വലിക്കണമെന്നും സുവിശേഷവൽക്കരണത്തോടുള്ള അഭിനിവേശത്താൽ ജീവിക്കണമെന്നും പാപ്പ പറ‍ഞ്ഞു. കണ്ണുകൾ തുറന്ന് യാഥാർഥ്യങ്ങൾ മനസിലാക്കി സാഹോദര്യത്തിന്റെ ഒരു പുതിയ ലോകം സ്വപ്നം കാണുവാനും, അത് നിറവേറ്റുവാനും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന ആഹ്വാനവും പാപ്പാ നൽകി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26