ചെറുപുഷ്പ മിഷൻ ലീഗ് സഭയുടെ അനുഗ്രഹം; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ചെറുപുഷ്പ മിഷൻ ലീഗ് സഭയുടെ അനുഗ്രഹം; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ പ്രവർത്തങ്ങൾ സഭക്ക് ഒരു അനുഗ്രഹമാണെന്ന് സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി'ന്റെ 2023 - 2024 വർഷത്തെ അന്തർദേശീയ പ്രവർത്തനോദ്‌ഘാടനം ഓൺലൈനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രേഷിത പ്രവർത്തനമാണ് സഭയുടെ അടിസ്ഥാന ദൗത്യമെന്നും അത്മായർ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചെറുപ്പത്തിലേ തന്നെ കുട്ടികളിൽ പ്രേഷിത ചൈതന്യം പകർന്നു കൊടുത്ത് ധാരാളം പ്രേഷിതരെ വാർത്തെടുക്കുവാൻ കഴിഞ്ഞ എഴുപത്തഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് മിഷൻ ലീഗിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ്പ് തോമസ് തറയിൽ, ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. 

മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത്, ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റൻ മുട്ടംതൊട്ടിൽ, മിഷൻ ലീഗ് ഇന്ത്യൻ നാഷണൽ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കൻ നാഷണൽ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, യു. കെ നാഷണൽ പ്രസിഡന്റ് ജെൻതിൻ ജെയിംസ്, ഇന്ത്യൻ നാഷണൽ ഡയറക്ടർ ഫാ. ജോസഫ് മറ്റം എന്നിവർ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.

സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിൽ 1947 ഒക്ടോബർ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്. മിഷണറിമാരുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുതേസ്യയാണ് മിഷൻ ലീഗിന്റെ മധ്യസ്ഥ. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയിൽ ഏതാണ്ട് 50,000ൽപ്പരം ദൈവവിളികൾ സഭയ്ക്ക് സംഭാവന ചെയ്തതിലൂടെയും ശ്രദ്ധേയമാണ് മിഷൻ ലീഗ്.


കേരളത്തിലെ ഭരണങ്ങാനത്ത് പ്രവർത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തിൽ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളർന്നു പന്തലിച്ചു. വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ വെളിയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച മിഷൻ ലീഗ്, ഇന്ന് അമേരിക്ക, കാനഡ, യു.കെ, ഇറ്റലി, ഓസ്ട്രേലിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.