തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയായിരുന്നു കൂടുതല്‍ വിമര്‍ശനങ്ങളും. സംഘടനാ സംവിധാനം തീര്‍ത്തും ദുര്‍ബലമായിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന പ്രധാന അഴിമതി ആരോപണങ്ങള്‍ പോലും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടി താഴെത്തട്ടു മുതല്‍ മുകളില്‍വരെ അഴിച്ചു പണിയണമെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.
കെ. മുരളീധരന്‍, കെ. സുധാകരന്‍, വി.ഡി. സതീശന്‍, ബെന്നി ബഹനാന്‍, പി.സി. ചാക്കോ, പി.ജെ. കുര്യന്‍, ഷാനിമോള്‍ ഉസ്മാന്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരാണ് നേതൃത്വത്തെ കടന്നാക്രമിച്ചത്. മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചു. ഗ്രൂപ്പ് മാനേജര്‍മാരാണ് തോല്‍വിക്ക് കാരണം. സ്ഥാനാര്‍ഥികളുടെ വിജയ സാധ്യതയല്ല, ഗ്രൂപ്പ് സാധ്യതകള്‍ മാത്രമാണ് പരിഗണിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ഭാവനാ രഹിതമായ നേതൃത്വമാണിത്. അനുകൂല രാഷ്ടീയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. കെപിസിസി പ്രസിഡന്റ് പറയുന്നത് ഒരഭിപ്രായം. മറ്റുനേതാക്കള്‍ക്ക് ഭിന്നാഭിപ്രായം. ഏകസ്വരത്തിലുള്ള അഭിപ്രായമല്ല കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ചൂണ്ടിക്കാട്ടി പല നേതാക്കളും വിമര്‍ശിച്ചു. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി ധാരണ ഉണ്ടാക്കേണ്ടിയിരുന്നില്ല. ഇനിമുതല്‍ അഭിപ്രായം പറയുമ്പോള്‍ നേതാക്കള്‍ ഒറ്റക്കെട്ടായി ഒരേ അഭിപ്രായം പറയുന്നതായിരിക്കും പാര്‍ട്ടിക്ക് നല്ലത് എന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചെലവിനുള്ള പണംപോലും നല്‍കാന്‍ കെപിസിസി നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ വിമര്‍ശിച്ചു. അരോചകമായ വാര്‍ത്താ സമ്മേളനങ്ങളല്ലാതെ കെപിസിസി എന്തുചെയ്തു?. നേതാക്കള്‍ പരസ്പരം പുകഴ്ത്തിക്കോളൂ. എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
ഇത്തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചേരാമെന്ന് ് വി.ഡി സതീശന്‍ പരിഹസിച്ചു. എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയതുകൊണ്ട് വോട്ടുകിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ എന്ന് പിസി വിഷ്ണുനാഥ് ചോദിച്ചു.
തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്ന് പി.ജെ. കുര്യന്‍ ആരോപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം പാളി എന്ന അഭിപ്രായം എല്ലാവരും സമ്മതിച്ചു. കെപിസിസി അധ്യക്ഷനെ ഫോണില്‍ കിട്ടാറില്ല. കോവിഡ് ബാധിച്ച സഹപ്രവര്‍ത്തകരെ കെപിസിസി അധ്യക്ഷന്‍ വിളിച്ചതുപോലുമില്ലെന്ന് നേതാക്കള്‍ വിമര്‍ശിച്ചു.
ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിയിലേക്കും പോകുന്നത് തടയണം. ശക്തി കേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മധ്യകേരളത്തിലും മധ്യ തിരുവിതാകൂറിലും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പരമ്പരാഗത വോട്ടില്‍ അതിശക്തമായ ചോര്‍ച്ചയുണ്ടായത് ഗുരുതരമാണ്.
ക്രിസ്ത്യന്‍ വോട്ടുകളില്‍ മാറ്റുണ്ടായി. അത് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടു മാത്രമല്ല. ന്യൂനപക്ഷ മേഖലകളിലും വോട്ട് ഗതിയില്‍ മാറ്റമുണ്ടായതായാണ് വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. അതിനിടെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കണക്കുകള്‍ നിരത്തി പാര്‍ട്ടിക്കും മുന്നണിക്കും വലിയ തിരിച്ചടി നേരിടേണ്ടി വന്നില്ലെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കണക്കുകള്‍ നിരത്തേണ്ട, പ്രായോഗികമായി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു.
ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ ഓരോ ജില്ലയിലെയും റിപ്പോര്‍ട്ട് മറ്റന്നാള്‍ നല്‍കണം. 140 നിയോജക മണ്ഡലങ്ങളിലും കെ.പി.സി.സി. സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കും. വിശദമായ ചര്‍ച്ച നടന്നുവെങ്കിലും അന്തിമ നിഗമനത്തിലേക്ക് രാഷ്ട്രീയകാര്യ സമിതി എത്തിയില്ല. തോല്‍വി വിലയിരുത്താന്‍ നേതാക്കള്‍ നേരിട്ടുപങ്കെടുക്കുന്ന രണ്ടുദിവസത്തെ രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി ആദ്യ വാരം വിളിക്കും. ജന പ്രതിനിധികളെയും കെപിസിസി ഭാരവാഹികളെയും യോഗത്തില്‍ പങ്കെടുപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.