ഭൂമിയെ സംരക്ഷിക്കുക; സമൂഹത്തെ പരിവർത്തനം ചെയ്യുക: ലോക പരിസ്ഥിതി ദിനത്തിൽ മാർപാപ്പ

ഭൂമിയെ സംരക്ഷിക്കുക; സമൂഹത്തെ പരിവർത്തനം ചെയ്യുക: ലോക പരിസ്ഥിതി ദിനത്തിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടന്ന ഗ്രീൻ & ബ്ലൂ ഫെസ്റ്റിവലിന്റെ സംഘാടകരെയും അതിൽ പങ്കെടുക്കുന്നവരെയും അഭിസംബോധന ചെയ്യവെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ നിരന്തരം ഏറ്റുവാങ്ങേണ്ടിവരുന്ന ഭൂമിയെ സംരക്ഷിക്കാൻ ദൈവത്തിന്റെ മുമ്പാകെ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ.

കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും അടിയന്തിരമായി ചെറുക്കുക എന്ന പൊതു ലക്ഷ്യത്തോടെ, ജൂൺ 5 ന് റോമിലും ജൂൺ 6 മുതൽ 8 വരെ മിലാനിലും വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന ഗ്രീൻ & ബ്ലൂ ഫെസ്റ്റിവലിൽ, ഇറ്റാലിയൻ പരിസ്ഥിതി പ്രവർത്തകരും അതോടൊപ്പം ഈ രംഗത്ത് അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്നവരും ഒത്തുചേരുന്നു. ജൂൺ 5 ന് വത്തിക്കാനിൽ, തന്നെ സന്ദർശിച്ച, ഫെസ്റ്റിവലിന്റെ സംഘാടകരുമായി നടത്തിയ സദസ്സിനിടയിൽ, പരിസ്ഥിതി സംരക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയെ മാർപാപ്പ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അതോടൊപ്പം, നമ്മുടെ പൊതുഭവനം സംരക്ഷിക്കുന്നതിൽ തങ്ങളുടേതായ പങ്ക് നിർവഹിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും ഇച്ഛാശക്തിയുള്ള എല്ലാ ആളുകളോടും പാപ്പാ അഭ്യർത്ഥിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച്, കൂടുതൽ വിനാശകാരികളായ പ്രകൃതിദുരന്തങ്ങളെയാണ് ഇന്ന് ലോകമെമ്പാടും നേരിടേണ്ടി വരുന്നതെന്നും, അതിനാൽ ഇക്കാര്യത്തിൽ എല്ലാവരുടെയും ശ്രദ്ധ അടിയന്തിരമായി പതിയണമെന്നും മാർപാപ്പ ഓർമ്മപ്പെടുത്തി.

ഈ ദശകത്തിൽ നാം നടപ്പിലാക്കിയ തീരുമാനങ്ങളും പ്രവർത്തനങ്ങളും വരുന്ന ആയിരക്കണക്കിന് വർഷത്തേക്ക് എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധർ വ്യക്തമായി ചൂണ്ടിക്കാണിച്ചുതരുന്നു. നമ്മുടെ പൊതുഭവനത്തിലും അതിൽ വസിക്കുന്നവരിലും നമ്മുടെ പ്രവൃത്തികൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വളരെയധികം വർധിച്ചിരിക്കുന്നുവെന്നും മാർപാപ്പാ കൂട്ടിച്ചേർത്തു.

ദൈവത്തിന്റെ മുമ്പിലുള്ള ഉത്തരവാദിത്തം

"ഇത് സൃഷ്ടിയുടെ സംരക്ഷണം നമ്മെ ഏൽപ്പിച്ച ദൈവത്തിന്റെ മുമ്പാകെയും നമ്മുടെ അയൽക്കാരുടെ മുമ്പാകെയും ഭാവി തലമുറകളുടെ മുമ്പാകെയും, നമ്മുടെ ഉത്തരവാദിത്തബോധം വർദ്ധിപ്പിച്ചിരിക്കുന്നു." മാർപ്പാപ്പ വ്യക്തമാക്കി.
വ്യാവസായികാനന്തര (post-industrial) കാലഘട്ടത്തിലെ മാനവികത, "ചരിത്രത്തിലെ ഏറ്റവും നിരുത്തരവാദപരമായ ഒന്നായി ഓർമ്മിക്കപ്പെടാം" എന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു. എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മാനവികത, അതിന്റെ ഗുരുതരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതുമൂലം ഉദാരതയോടെ ഓർമ്മിക്കപ്പെടുമെന്ന് മാർപാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.


കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസം, പ്രത്യേകിച്ച് ഈ പ്രതിഭാസത്തിന് ഏറ്റവും കുറവ് സംഭാവന നൽകുന്ന, എന്നാൽ അതിൽ നിന്ന് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന, ഏറ്റവും ദരിദ്രരും ദുർബലരുമായവരോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച്, നമ്മെ കൂടുതൽ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന കാര്യം പരിശുദ്ധ പിതാവ് പങ്കുവച്ചു.
നമ്മുടെ മുന്നിലുള്ള വെല്ലുവിളിയുടെ വ്യാപ്തിയും അടിയന്തിരതയും തിരിച്ചറിഞ്ഞ്, കൂട്ടായ പ്രവർത്തനങ്ങൾ മുൻഗണനയോടെ നടപ്പിലാക്കണമെന്ന് അന്താരാഷ്ട്ര സമൂഹങ്ങളെ മാർപാപ്പ ആഹ്വാനം ചെയ്തു.

അനിവാര്യമായ ഗതിമാറ്റം

ഇത് അടിയന്തിരമായി ഏറ്റെടുക്കേണ്ട ഒരു വെല്ലുവിളിയാണെന്നും നിസ്സംഗത നിറഞ്ഞ ഒരു വലിച്ചെറിയൽ സംസ്കാരത്താൽ പോഷിപ്പിക്കപ്പെടുന്ന ഉപഭോഗത്തിന്റെയും ഉൽപാദനത്തിന്റെയും നിലവിലെ മാതൃകയിൽ നിർണ്ണായകമായ ഒരു മാറ്റം ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞു.കൂടാതെ, ശാസ്ത്രലോകത്ത് പലരും സൂചിപ്പിക്കുന്നത് പോലെ, ഈ മാതൃക മാറ്റേണ്ടത് "അടിയന്തിരമാണ്", അത് ഇനി നീട്ടിവെക്കാനാവില്ല എന്നും പപ്പാ അഭിപ്രായപ്പെട്ടു.
ഭൂമിയെ എങ്ങനെ സംരക്ഷിക്കാമെന്നും അതിലൂടെ സമൂഹത്തെ എങ്ങനെ പരിവർത്തനം ചെയ്യാമെന്നും സ്വയം ബോധവൽക്കരിക്കാൻ മാർപ്പാപ്പ എല്ലാവരെയും ആഹ്വാനം ചെയ്തു. നമ്മുടെ ചെറിയ ദൈനംദിന തിരഞ്ഞെടുപ്പുകൾ മുതൽ പ്രാദേശിക നയങ്ങൾ തുടങ്ങി, അന്താരാഷ്ട്ര നയങ്ങൾ വരെ എല്ലാ തലങ്ങളിലും, ഈ വെല്ലുവിളിയെ പ്രതിബദ്ധതയോടെ നേരിടാൻ നമുക്ക് കഴിയട്ടെ എന്ന് പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു.

പരിസ്ഥിതിയെ ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി തന്നെ സന്ദർശിച്ച സംഘാംഗങ്ങൾ എടുക്കുന്ന ത്യാഗങ്ങളെ പരിശുദ്ധ പിതാവ് അംഗീകരിക്കുകയും, മനുഷ്യരാശിയുടെ മഹത്തായ ഭാവിയെക്കുറിച്ചുള്ള ചിത്രം മനസ്സിൽ സൂക്ഷിക്കുന്നതിനാൽ അവരെ അഭിനന്ദിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനായി അവർ ചെയ്യുന്ന എല്ലാത്തിനും ഫ്രാൻസിസ് മാർപാപ്പ അവരോട് നന്ദി പറഞ്ഞു. "നല്ല ഭാവിക്കു വേണ്ടിയുള്ള പുതിയ തലമുറയുടെ പ്രതീക്ഷകളെ നമുക്കു കവർന്നെടുക്കാതിരിക്കാം" എന്നു പറഞ്ഞുകൊണ്ട് പരിശുദ്ധ പിതാവ് തന്റെ കൂടിക്കാഴ്ച അവസാനിപ്പിച്ചു.

പരിസ്ഥിതിക്ക് വേണ്ടിയുള്ള ഈ ദേശീയ പരിപാടി നാല് ദിവസങ്ങളിലായി നിശ്ചിത സ്ഥലങ്ങളിൽ നടക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതിന്റെ അടിയന്തിര ആവശ്യം ഉയർത്തിക്കാട്ടുക മാത്രമല്ല, ആവശ്യമായ പരിവർത്തനങ്ങൾക്ക് പ്രചോദനമാവുക എന്നതും ഈ ഫെസ്റ്റിവലിന്റെ ലക്ഷ്യമാണ്. സഹവർത്തിത്വത്തിന്റെ അന്തരീക്ഷം വളർത്തുന്നതിനായി, വിശിഷ്ടാതിഥികളുമായുള്ള സംഭാഷണങ്ങൾ, സംഗീത പരിപാടികൾ എന്നിവയും അവതരിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26