രണ്ടാം ദിനം എഐ ക്യാമറ കണ്ടെത്തിയത് 49,317 നിയമ ലംഘനങ്ങള്‍; സാങ്കേതിക തകരാര്‍ മൂലം ചെലാന്‍ അയക്കുന്നത് വൈകും

രണ്ടാം ദിനം എഐ ക്യാമറ കണ്ടെത്തിയത് 49,317 നിയമ ലംഘനങ്ങള്‍; സാങ്കേതിക തകരാര്‍ മൂലം ചെലാന്‍ അയക്കുന്നത് വൈകും

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എ.ഐ ക്യാമറ രണ്ടാം ദിനം കണ്ടെത്തിയത് 49,317 നിയമ ലംഘനങ്ങള്‍. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് തിരുവനന്തപുരത്താണ് (8454 എണ്ണം). കുറവ് ആലപ്പുഴയിലും (1252 എണ്ണം)

കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശ്ശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് ചൊവ്വാഴ്ച കണ്ടെത്തിയ നിയമ ലംഘനങ്ങള്‍.

എ.ഐ ക്യാമറകള്‍ പിഴ ചുമത്തിത്തുടങ്ങിയ തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. രണ്ട് ദിവസത്തെ കണക്കുകള്‍ പരിഗണിച്ചാലും നിയമ ലംഘനത്തില്‍ മുന്‍കാലത്തുണ്ടായിരുന്നതിനേക്കാള്‍ കാര്യമായ കുറവുണ്ടായെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ഏപ്രിലില്‍ എ.ഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമ ലംഘനങ്ങളുടെ എണ്ണം.

അതേസമയം ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടും പിഴ ഈടാക്കുന്നതില്‍ കാലതാമസമുണ്ടാകും. സാങ്കേതിക തകരാര്‍ മൂലം ചെലാന്‍ അയക്കുന്നത് മുടങ്ങിയതിനാലാണ് പിഴ ഈടാക്കല്‍ വൈകുന്നത്.

സംസ്ഥാനത്ത് റോഡിലെ എ.ഐ ക്യാമറകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തന നിരതമായിരുന്നു. പിഴ നോട്ടീസ് ഇന്നു മുതല്‍ അയച്ചു തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) ഐടിഎംഎസ് സോഫ്റ്റ് വെയറിനുണ്ടായ തകരാറാണ് പിഴ ഈടാക്കുന്നതിനായുള്ള ചെലാന്‍ അയക്കുന്നതിന് തടസമായത്. ഇന്നലെ ഉച്ചയോടെ സെര്‍വറിനുണ്ടായ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.