തെക്കൻ പെറുവിൽ ഭൂകമ്പം; പുരാതനമായ പള്ളിയുടെ ടവർ തകർന്നു

തെക്കൻ പെറുവിൽ ഭൂകമ്പം; പുരാതനമായ പള്ളിയുടെ ടവർ തകർന്നു

ലിമ: തെക്കൻ പെറുവിലുണ്ടായ ഭൂകമ്പത്തിൽ പള്ളിയുടെ ടവർ തകർന്നു. 2016 ലെ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ച അരെക്വിപ മേഖലയിലെ കോൾക്ക താഴ്‌വരയിലെ പുരിസിമ കോൺസെപ്‌സിയോൺ പള്ളിയുടെ ടവറാണ് തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിനിടെ തകർന്നത്. റിക്ടർ സ്‌കെയിലിൽ 2.7 മുതൽ 5.5 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 12 പള്ളികൾക്കു കൂടി കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അവയും തകരാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു.

2016ലെ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ച പള്ളികൾക്കാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിൽ വീണ്ടും ബലക്ഷയം സംഭവിച്ചത്. ഇതിനകം തകർന്ന എല്ലാ ദേവാലയങ്ങളും പുനരുദ്ധരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സാംസ്കാരിക മന്ത്രാലയം ഇടപെടേണ്ടത് ആവശ്യമാണെന്ന് കയ്ലോമ മേയർ അൽഫോൻസോ മാമണി പറഞ്ഞു. ആ ഭൂചലനം 250 ലധികം കുടുംബങ്ങളെ ഭവന രഹിതരാക്കി. പള്ളികളുടെ പുനരുദ്ധാരണത്തിന് നേരത്തെ തന്നെ പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും സമീപകാല നാശനഷ്ടങ്ങൾ കാരണം പുതിയ വിലയിരുത്തലുകൾ ഇപ്പോൾ ആവശ്യമാണ്.

പുരിസിമ കൺസെപ്‌സിയോൺ പള്ളിയും ഭൂകമ്പത്തിൽ തകർന്ന വീടുകളും പുനർനിർമിക്കുന്നതിന് പിന്തുണ നൽകണമെന്ന് ലാറി ഡിസ്ട്രിക്റ്റ് മേയർ ജോസ് പന്ത മാമണി ആവശ്യപ്പെട്ടു. നമ്മുടെ ജലസംഭരണികൾ തകർന്നിരിക്കുന്നു. എപ്പോൾ വേണമെങ്കിലും എന്തും തകരാമെന്ന സ്ഥിതിയാണിപ്പോൾ. കയ്‌ലോമ പ്രവിശ്യ നാശത്തിന്റെ വഴിയിലാണ്. പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇവിടെ എല്ലാം തകർന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മക്കാ ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ സമീപ ജില്ലകളായ ടിസ്കോ, ലാറി, ഇച്ചുപമ്പ, അച്ചോമ എന്നിവിടങ്ങളിലും നിരവധി വീടുകൾ തകർന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത്, കയ്‌ലോമയിലെ പ്രവിശ്യാ മുനിസിപ്പാലിറ്റി മാക്ക ജില്ലയിൽ ജനങ്ങൾക്ക് രാത്രിയിൽ താമസിക്കാനായി കൂടാരങ്ങൾ സ്ഥാപിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v