വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടിങ് യന്ത്രം പരിശോധന തുടങ്ങി

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടിങ് യന്ത്രം പരിശോധന തുടങ്ങി

കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കം ആരംഭിച്ചു. കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് മെഷീന്‍ പരിശോധന തുടങ്ങി. മോക്ക് പോളിങ് ഉള്‍പ്പെടെ നടത്തിയാണ് പരിശോധന.

ഇലക്ട്രോണിക്് വോട്ടിങ് മെഷീനുള്‍പ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിങ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടി മാത്രമാണിതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിങ് നടക്കുന്നത്.

മലപ്പുറം, വയനാട് കലക്ടറേറ്റുകളിലും വരും ദിവസങ്ങളില്‍ പരിശോധനയുണ്ടാവുമെന്നാണ് സൂചന. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിന് പുറമേ വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുമാണ് വയനാട് ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്.

കലക്ടറേറ്റിന് മുന്നില്‍ പന്തല്‍ കെട്ടിയാണ് വോട്ടിങ് മെഷീന്‍ പരിശോധിച്ചത്. ജൂണ്‍ അഞ്ചിന് പരിശോധന സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നതായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു. ഒന്നാം തീയതി മുതല്‍ കലക്ടറേറ്റില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയിരുന്നുവെന്ന് യു.ഡി.എഫ്. പ്രതിനിധികള്‍ പറഞ്ഞു.

കര്‍ണാടകയിലെ കോലാറില്‍ 2019 ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റാണ് വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. കേസില്‍ രാഹുല്‍ഗാന്ധി നല്‍കിയ അപ്പീല്‍ പരിഗണനയില്‍ നില്‍ക്കവെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള നീക്കം നടക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരം ഒരു നീക്കം നടത്താന്‍ കാരണമെന്ന് കോഴിക്കോട് എം.പി എം.കെ. രാഘവന്‍ ആരോപിച്ചു. കോടതി വഴി ഇത് ചോദ്യം ചെയ്യും. ലക്ഷദ്വീപിലും ഇത് തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ച രീതി. ഒടുവില്‍ കോടതിക്ക് ഇടപെടേണ്ടി വന്നു. ഈ വിഷയത്തില്‍ ഡല്‍ഹിയില്‍ നിയമ വിദഗ്ദരുമായുള്ള കൂടിയാലോചനകള്‍ നടക്കുകയാണെന്നും എം.കെ. രാഘവന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.