നക്ഷത്രയുടേത് ആസൂത്രിക കൊലപാതകം; ശ്രീമഹേഷ് കൊല്ലാന്‍ ലക്ഷ്യമിട്ടത് മൂന്ന് പേരെയെന്ന് പൊലീസ്

നക്ഷത്രയുടേത് ആസൂത്രിക കൊലപാതകം; ശ്രീമഹേഷ് കൊല്ലാന്‍ ലക്ഷ്യമിട്ടത് മൂന്ന് പേരെയെന്ന് പൊലീസ്

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് മൂന്നുപേരെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാന്‍ ലക്ഷ്യമിട്ടത്. ഇന്നലെ അഞ്ച് മണിക്കൂറിലേറെ പൊലീസ് ശ്രീമഹേഷിനെ ചോദ്യം ചെയ്തിരുന്നു.

നക്ഷത്രയുടേത് ആസൂത്രിക കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. വൈരാഗ്യമാണ് മകളെ കൊലപ്പെടുത്താന്‍ കാരണം. എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമെന്ന് ശ്രീമഹേഷ് പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല. മൂന്നുപേരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് ശ്രീമഹേഷ് പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് സൂചിപ്പിക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചതായാണ് പൊലീസിന്റെ നിഗമനം. ശ്രീമഹേഷിന്റെ സ്വഭാവ ദൂഷ്യമാണ് പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് വിവരം.

കൊലപാതകം നടത്തുന്നതിനായി ഓണ്‍ലൈനില്‍ മഴു വാങ്ങാന്‍ പ്രതി ശ്രമിച്ചിരുന്നു. ഓണ്‍ലൈനില്‍ മഴു ഓര്‍ഡര്‍ ചെയ്തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മഴു മാവേലിക്കരയില്‍ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാള്‍ കുട്ടിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കട്ടിലിന് അടിയില്‍ നിന്നും മഴു കണ്ടെടുത്തിരുന്നു.

ജയിലില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ജയിലില്‍ വെച്ച് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. കൈക്കും പരിക്കുണ്ട്. കൊല്ലപ്പെട്ട നക്ഷത്രയുടെ മൃതദേഹം ഇന്ന് അമ്മയുടെ വീടായ പത്തിയൂരില്‍ സംസ്‌കരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.