കോണ്‍ഗ്രസില്‍ വീണ്ടും പോര് മുറുകുന്നു: സതീശനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് രംഗത്ത്; പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്ന് സുധാകരന്‍

കോണ്‍ഗ്രസില്‍ വീണ്ടും പോര് മുറുകുന്നു: സതീശനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് രംഗത്ത്; പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്ന് സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പടയൊരുക്കം. പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വി.ഡി സതീശനെതിരെ നീങ്ങാന്‍ എ, ഐ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചത്. പുനസംഘടനയില്‍ തങ്ങളെ തഴഞ്ഞു എന്നാണ് ഗ്രൂപ്പ് നേതാക്കന്‍മാരുടെ പരാതി.

നേരത്തെ ശശി തരൂര്‍ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ സതീശനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ യോജിച്ച് നീങ്ങാനാണ് നിലവില്‍ ഗ്രൂപ്പുകളുടെ തീരുമാനം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തുടങ്ങിയവര്‍ ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നതായാണ് വിവരം.

കെ.സി ജോസഫ്, ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, എം.കെ രാഘവന്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു എന്നാണ് സൂചന. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് നേതാക്കള്‍ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. ഗ്രൂപ്പിനതീതമായ നീക്കത്തിന് ഉമ്മന്‍ ചാണ്ടിയുടേയും പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് ആര്‍ജവമില്ലെന്നാണ് മറ്റൊരു വിമര്‍ശനം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറ്റുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇത് നേതൃത്വത്തിന്റെ കഴിവുകേടാണെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.

എന്നാല്‍ വി.ഡി സതീശന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. പാര്‍ട്ടിക്കകത്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ ചെറിയ കാറ്റാണെന്ന് സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ത് പാതകം ചെയ്തുവെന്ന് തനിക്ക് അറിയില്ലെന്നും ഐക്യം തകരാതെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാകും എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

രമേശ് ചെന്നിത്തലയെയും എം.എം ഹസനെയും താന്‍ നേരില്‍ കാണുമെന്ന് പറഞ്ഞ സുധാകരന്‍ തന്റെ സമീപനത്തില്‍ കുഴപ്പമുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.