ആമസോണിലെ അത്ഭുത അതിജീവനം: വിമാനം തകര്‍ന്ന് വനത്തില്‍ കാണാതായ നാല് കുഞ്ഞുങ്ങളെ 40 ദിവസത്തിന് ശേഷം രക്ഷിച്ചു

ആമസോണിലെ അത്ഭുത അതിജീവനം: വിമാനം തകര്‍ന്ന് വനത്തില്‍ കാണാതായ നാല് കുഞ്ഞുങ്ങളെ 40 ദിവസത്തിന് ശേഷം രക്ഷിച്ചു

ബൊഗോട്ട: കൊളംബിയൻ ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ അത്ഭുതകരമായി രക്ഷപെടുത്തി. 40 ദിവസത്തിന് ശേഷമാണ് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ള സഹോദരങ്ങളെ കണ്ടെത്താനായത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ലോകത്തിനാകെ ആശ്ചര്യവും സന്തോഷവും പകരുന്ന വാർത്ത പുറത്തുവിട്ടത്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ സൈനികരുടേയും കുട്ടികളുടേയും ചിത്രങ്ങളും പ്രസിഡന്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊളംബിയൻ സൈന്യം നടത്തി വന്നിരുന്നത്. ഒത്തിരി വന്യ മൃ​ഗങ്ങളും ഏറെ അപകട സാധ്യതയുള്ളതുമായ ഉൾ വനത്തിലാണ് കുട്ടികൾ ഇത്രയും ദിവസം അതിജീവിച്ചത്.

കഴിഞ്ഞ മെയ് ഒന്നിനായിരുന്നു കൊളംബിയൻ കുടുംബം സന്ദർശിച്ച ചെറുവിമാനം സെസ്‌ന 206 ആമസോൺ കാട്ടിനകത്ത് തകർന്നു വീഴുന്നത്. ആറ് യാത്രികരും ഒരു പൈലറ്റുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എൻജിൻ തകരാറിനെ തുടർന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഏതാനും മിനിറ്റുകൾക്കകം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. പിന്നീടാണ് വിമാനം ആമസോൺ കാട്ടിൽ തകർന്നു വീണ വിവരം പുറത്തു വരുന്നത്. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം മൂന്ന് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങൾക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

അതേ സമയം, കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനുള്ള തെളിവുകൾ രക്ഷാ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക ഷെഡും കുട്ടികളുടെ ഹെയർ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്നി രക്ഷാ സേനയ്ക്കൊപ്പം ആമസോൺ കാട്ടിൽ അന്വേഷണം നടത്തിയത്. നിരവധി നായ്ക്കളെയും തെരച്ചിലിന് ഉപയോഗിച്ചിരുന്നു. കൊളംബിയയുടെ സേനാ ഹെലികോപ്ടറുകളും വ്യോമസേനയും തെരച്ചിലിൽ ഭാഗമായിരുന്നു.

കണ്ടുകിട്ടുമ്പോൾ കുട്ടികൾ ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നതെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. എല്ലാവരും ക്ഷീണിതരായിരുന്നു. ബാക്കി കാര്യങ്ങൾ ഡോക്ടർമാർ വിലയിരുത്തട്ടെ. അവരെ കണ്ടെത്താനായെന്നത് തന്നെ വലിയ സന്തോഷമാണ്. അതി ജീവനത്തിന്റെ വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് കുട്ടികൾ. ഇതു ചരിത്രത്തിൽ വലിയൊരു വീരകഥയായി രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.