കൊച്ചി: കോണ്‍ഗ്രസില്‍ തനിക്കെതിരെ പടയൊരുക്കം എന്ന വാര്‍ത്ത നല്‍കിയത് തന്റെ നേതാക്കള്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അവര്‍ സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്നു വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ പുനസ്സംഘടന നടത്തിയത് ജനാധിപത്യപരമായി ആണെന്ന് സതീശന്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഒരാളെപ്പോലും തന്റെ ആളായി നിയമിച്ചിട്ടില്ല. നിയമിക്കപ്പെട്ടവര്‍ എല്ലാം തന്റെ ആളുകള്‍ ആണെന്നാണ് വിശ്വസിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.
തന്റെ പ്രവര്‍ത്തനത്തില്‍ പരാതിയുള്ള നേതാക്കളുമായി നേരിട്ടു ചര്‍ച്ച നടത്തും. താരതമ്യേന ജൂനിയര്‍ ആയ തനിക്ക് അതിന് ഈഗോ പ്രശ്നമൊന്നുമില്ല. കോണ്‍ഗ്രസ് പുനരുജ്ജീവനത്തിന്റെ പാതയിലാണ്. ഭരണം നഷ്ടപ്പെട്ട് പ്രവര്‍ത്തകര്‍ ആകെ നിരാശരായിരിക്കുന്ന സമയത്താണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാരവാഹിത്വത്തിലേക്കു വന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമല്ല. ഇപ്പോള്‍ ഒരു ഗ്രൂപ്പു യോഗം നടന്നപ്പോള്‍ അതു വാര്‍ത്തയായെങ്കില്‍ കോണ്‍ഗ്രസ് ഒരുപാടു മാറിയെന്നാണ് അര്‍ഥം. മുമ്പെല്ലാം ദിവസേന ഗ്രൂപ്പുയോഗങ്ങള്‍ നടന്നിരുന്ന പാര്‍ട്ടിയാണിത്. ഗ്രൂപ്പിന് താന്‍ എതിരല്ല, എന്നാല്‍ ഗ്രൂപ്പ് പാര്‍ട്ടിക്ക് മുകളിലാവരുതെന്നേയുള്ളൂ.
പുനര്‍ജനി പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത് മുഖ്യമന്ത്രി ലോകകേരള സഭയുടെ പേരില്‍ അമേരിക്കയില്‍ നടത്തുന്ന അനധികൃത പിരിവിനെ വിമര്‍ശിച്ചപ്പോഴാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ ഒരു പിരിവും നടത്തിയിട്ടില്ല.
സ്പോണ്‍സര്‍മാര്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് സഹായം കൈമാറുന്ന പദ്ധതിയാണിത്. ഇതിന്റെ പേരില്‍ നേരത്തെ നടന്ന പരാതി സ്പീക്കര്‍ തള്ളിയതാണ്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കാര്യമില്ലെന്നു തള്ളിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണമെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ ഒരു കാര്യം ചെയ്യണം, പിണറായി വിജയന്‍ അമേരിക്കയില്‍ നിന്നു വിളിക്കുമ്പോള്‍ താന്‍ പേടിച്ചു പോയെന്ന് അദ്ദേഹത്തെ അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.