ഇരുണ്ട കാര്‍മേഘങ്ങള്‍ ഒഴിയുന്നു; കേരളത്തില്‍ തുടര്‍ ഭരണത്തിന് സാധ്യതയെന്ന് സിപിഎം

ഇരുണ്ട കാര്‍മേഘങ്ങള്‍ ഒഴിയുന്നു; കേരളത്തില്‍ തുടര്‍ ഭരണത്തിന്  സാധ്യതയെന്ന് സിപിഎം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തുടര്‍ ഭരണത്തിന് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പ്രളയകാലത്തും പിന്നീട് കൊവിഡ് കാലത്തും കേരളത്തില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനയുള്‍പ്പടെയുള്ള കാര്യങ്ങളും തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്‌തെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സൗജന്യകിറ്റ് വിതരണം തുടരാനും ധാരണയായിട്ടുണ്ട്.

കേരളത്തില്‍ ഇടത് തുടര്‍ ഭരണത്തിന് സാധ്യതയുണ്ടെന്ന് ആറ് മാസം മുമ്പ് ഒരു വാര്‍ത്താ ചാനല്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒന്നിനു പുറകെ മറ്റൊന്നായി വന്ന അഴിമതി ആരോപണങ്ങളും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ തുടങ്ങിയ പല കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണം നേരിട്ടതോടെ തുടര്‍ ഭരണമെന്ന സ്വപ്‌നത്തിന് മങ്ങലേറ്റിരുന്നു.

എന്നാല്‍ സര്‍ക്കാരും സിപിഎമ്മും തീര്‍ത്തും രാഷ്ട്രീയ പ്രതിരോധത്തിലായ ഘട്ടത്തിലും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത വിജയം മാറി ചിന്തിക്കാന്‍ ഇടത് മുന്നണിക്ക് വക നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ കേരള പര്യടനം ഡിസംബര്‍ 22 മുതല്‍ തുടങ്ങാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.

അതേസമയം, നഗരമേഖലകളില്‍ ബിജെപിയുടെ കടന്നുകയറ്റത്തില്‍ ഗൗരതവതരമായ പരിശോധന വേണമെന്ന് സിപിഎം വിലയിരുത്തി. ബിജെപി എങ്ങനെ നഗര കേന്ദ്രീകൃതവോട്ടുകള്‍ പിടിച്ചെടുത്തുവെന്ന് വിലയിരുത്തും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ ലക്ഷ്യമിട്ടതും അന്വേഷണം നടത്തിയതും രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും സിപിഎം വിലയിരുത്തുന്നു.

സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ തുടര്‍ നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.